തിരുവനന്തപുരം: കെഎസ്ആർടിസിയിലെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ എംഡി ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചർച്ച. വൈകിട്ട് 4.30ന് ചീഫ് ഓഫിസിലാണ് ചർച്ച. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നീ യൂണിയനുകൾ ചർച്ചയിൽ പങ്കെടുക്കും.
ആഴ്‌ചയിൽ 6 ദിവസവും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫിസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കലക്ഷൻ ഇൻസെന്‍റീവ് പാറ്റേൺ പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാകുക. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി പരിഷ്‌കരണ നടപടികൾ നടപ്പാക്കി തുടങ്ങാനാണ് മാനേജ്മെന്‍റ് തീരുമാനം.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ ടിഡിഎഫ് ഒക്‌ടോബർ രണ്ട് മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് കാണിച്ച് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് എംഡി തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. സിഐടിയു ഒഴികെയുള്ള യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിലടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമവായ സാധ്യതകൾ പരിശോധിക്കുന്നതിന് എംഡി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.