തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഇന്ന്(26.07.2022) മുതൽ ശമ്പള വിതരണം തുടങ്ങും. ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളമാണ് വിതരണം ചെയ്യുന്നത്. ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടര്‍മാര്‍ക്കുമാണ് ആദ്യം ലഭിക്കുക.
ബാങ്കില്‍ നിന്ന് ഇന്നലെ (25.06.2022) ഓവര്‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്‌ക്കൊപ്പം 2 കോടി രൂപ കൂടി ചേര്‍ത്താണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ശമ്പളം നല്‍കുന്നത്. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇതിനായി ഒരു കോടി രൂപ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനത്തില്‍ നിന്നാണ് കണ്ടെത്തിയത്.
സര്‍ക്കാരില്‍ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതോടെയാണ് ശമ്പള വിതരണം തുടങ്ങുന്നത്. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി കണ്ടെത്തണം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗത മന്ത്രി ആന്‍റണി രാജു കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധികള്‍ സംബന്ധിച്ചും, സമഗ്ര നവീകരണത്തിനുള്ള സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്‌തു.
ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ആര്‍ടിഒ ഓഫിസുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പുനരുധാരണത്തിന്‍റെ ഭാഗമായി അഡ്‌മിനിസ്‌ട്രേഷന്‍ ഓഫിസുകള്‍ പൂട്ടി ജില്ല ഓഫിസുകള്‍ തുടങ്ങിയതോടെ ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികളാണ് വാടകയ്ക്ക് നല്‍കുന്നത്.