തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്പളവിതരണം പൂര്‍ത്തിയായി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന്‍റെ 50 ശതമാനം എട്ടാം തീയതി നില്‍കിയിരുന്നു. അതിന്‍റെ ബാക്കി തുകയാണ് പിന്നീട് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ തുക ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തി. ശമ്പളവിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) 16 ദിവസമായി വിവിധ ജില്ലാകേന്ദ്രങ്ങളില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു.
ശമ്പളം വിതരണം പൂർത്തിയാക്കാൻ 18 കോടിയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് വേണ്ടിയിരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന കളക്ഷനും ഓയില്‍ കമ്പനിയ്ക്ക് നല്‍കാനുള്ളതില്‍ നിന്നും ആറ് കോടിയോളം രൂപയും വക മാറ്റിയുമാണ് ശമ്പള വിതരണം നടത്തിയത്. സർക്കാരിനോട് 13 കോടി ധനസഹായം നൽകാൻ കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തെ കുടിശ്ശികയായ അഞ്ച് കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായത്.
അതേസമയം ഈ മാസത്തെ ശമ്പള വിതരണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ദൈനംദിന കളക്ഷനടക്കം കഴിഞ്ഞ മാസത്തെ ശമ്പളത്തിനായെടുത്ത സാഹചര്യത്തില്‍ ഇത്തവണത്തെ ശമ്പളപ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.