തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളവിതരണ പ്രതിസന്ധിയിൽ താല്‍ക്കാലിക പരിഹാരം. ജീവനക്കാർക്ക് ഘട്ടം ഘട്ടമായി ശമ്പളം നൽകാൻ ഗതാഗത മന്ത്രി ആൻ്റണി രാജു മാനേജ്മെൻ്റിന് നിർദേശം നൽകി. നാളെ (18.06.22) മുതൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കിട്ടിതുടങ്ങും.
അതേസമയം ബാക്കി ജീവനക്കാർക്ക് അടുത്ത ഘട്ടത്തിലായിരിക്കും ശമ്പളം ലഭിക്കുക. മേയ് മാസത്തെ ശമ്പളമാണ് വിതരണം ചെയ്യുന്നത്. 35 കോടി രൂപ ശമ്പള വിതരണത്തിനായി മാനേജ്മെൻ്റ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശമ്പള വിതരണ പ്രതിസന്ധിയെ തുടർന്ന് ഭരണാനുകൂല സംഘടനകളടക്കം പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ട് ശമ്പളം വിതരണം ചെയ്യാൻ നിർദ്ദേശിച്ചത്.