തിരുവനന്തപുരം: വേനൽ അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നത് സംബന്ധിച്ച് മാനേജ്മെൻ്റ് പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ ആശങ്കയാകുന്നു. വിദ്യാർഥികൾക്ക് അധിക സാമ്പത്തിക ഭാരം നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങളെല്ലാം.
സെൽഫ് ഫൈനാൻസിങ് കോളജുകൾ സ്വകാര്യ അൺ എയ്‌ഡഡ്, റെക്കഗ്നൈസ്‌ഡ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യാത്രാ നിരക്കിൻ്റെ 30 ശതമാനം ഡിസ്‌കൗണ്ടിൽ മാത്രമാകും കൺസഷൻ അനുവദിക്കുക. യഥാർഥ ടിക്കറ്റ് നിരക്കിൻ്റെ 35 ശതമാനം തുക വിദ്യാർഥിയും 35 ശതമാനം തുക മാനേജ്മെൻ്റും ഒടുക്കണം. പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്‌സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കൺസഷൻ ആനുകൂല്യം ലഭിക്കില്ല.
വിദ്യാർഥി കൺസഷൻ നൽകുന്ന പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്താനാണ് തീരുമാനം. മാനേജ്മെൻ്റ് തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകളിൽ നിന്ന് പോലും കാര്യമായ എതിർപ്പ് ഉയർന്നിട്ടില്ല. മാർഗ നിർദേശം പുറത്തിറക്കിയതിന് പിന്നാലെ പേരിന് സമരങ്ങൾ നടത്തി പിരിഞ്ഞതല്ലാതെ വിദ്യാർഥി സംഘടനകളുടെ ഭാഗത്ത് നിന്നും യാതൊരു അനക്കവുമില്ല.
വിദ്യാർഥി കൺസഷൻ സംബന്ധിച്ച പുതിയ മാർഗനിർദ്ദേശം ഇങ്ങനെ
- സർക്കാർ -അർധ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ, സ്പെഷ്യൽ സ്‌കൂളുകൾ, സ്പെഷ്യലി ഏബിൾഡ് ആയ വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം നൽകുന്ന കേന്ദ്രങ്ങൾ എന്നിവയ്ക്ക് വിദ്യാർഥി കൺസഷൻ നിലവിലെ രീതിയിൽ തുടരും.
- സർക്കാർ അർധ സർക്കാർ കോളജുകൾ, സർക്കാർ അർധ സർക്കാർ പ്രൊഫഷണൽ കോളജുകൾ എന്നിവിടങ്ങളിലെ ഇൻകം ടാക്‌സ്, ഐടിസി (ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ്, ജിഎസ്‌ടി) എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെയുള്ള മുഴുവൻ വിദ്യാർഥികൾക്കും കൺസഷൻ അനുവദിക്കും.
- സെൽഫ് ഫൈനാൻസ് കോളജുകളിലെയും സ്വകാര്യ അൺ എയ്‌ഡഡ് സ്‌കൂളുകളിലെയും ബിപിഎൽ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും സൗജന്യ നിരക്കിൽ കൺസഷൻ അനുവദിക്കും.
- സെൽഫ് ഫൈനാൻസിങ് കോളജുകൾ സ്വകാര്യ അൺ എയ്‌ഡഡ്, റെക്കഗ്നൈസ്‌ഡ് സ്‌കൂളുകൾ എന്നിവ യഥാർഥ ടിക്കറ്റ് നിരക്കിന്‍റെ 35% തുക വിദ്യാർഥിയും 35% തുക മാനേജ്മെൻ്റ് ഒടുക്കേണ്ടതും യാത്രാ നിരക്കിന്‍റെ 30% ഡിസ്‌കൗണ്ടിൽ കൺസഷൻ കാർഡ് അനുവദിക്കും.
- പെൻഷൻകാരായ പഠിതാക്കൾ, പ്രായപരിധി ബാധകമല്ലാത്ത റെഗുലർ കോഴ്‌സ് പഠിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കൺസഷൻ ആനുകൂല്യം നൽകില്ല. വിദ്യാർഥി കൺസഷൻ നൽകുന്നതിനുള്ള പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്തും.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് കെഎസ്ആർടിസി നൽകിവരുന്ന വിദ്യാർഥി കൺസഷൻ സൗജന്യങ്ങളിൽ മാറ്റം വരുത്തിയതെന്നാണ് മാനേജ്മെൻ്റ് വാദം. മാർഗനിർദ്ദേശം പുറത്തിറക്കിയെങ്കിലും ഈ രീതിയിലാണോ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നതെന്ന കാര്യത്തിൽ ഇതുവരെയും മാനേജ്മെൻ്റ് വ്യക്തത വരുത്തിയിട്ടില്ല.
ഇതിന് മുൻപ് കെഎസ്ആർടിസി ബസുകളിൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യമായാണ് കൺസെഷൻ അനുവദിച്ചിരുന്നത്. കോളജ് വിദ്യാർഥികൾക്ക് ഓരോ യാതയ്ക്കും 1 രൂപ നിരക്കിലായിരുന്നു കൺസഷൻ അനുവദിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിദ്യാർഥികളെ പിഴിയാനുള്ള നീക്കത്തിലാണ് മാനേജ്മെൻ്റ്.