തിരുവനന്തപുരം: അഞ്ച് വർഷത്തേക്കെങ്കിലും നിയമന നിരോധനം തുടരേണ്ടി വരുമെന്ന് കെഎസ്ആർടിസി. നിലവിൽ 25,000 സ്ഥിരം ജീവനക്കാരാണുള്ളതെന്നും ഇത് 15,000ൽ എത്തിക്കുന്നതുവരെ നിയമനം നിർത്തിവയ്‌ക്കേണ്ടി വരുമെന്നും കെഎസ്ആർടിസി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരുടെ പ്രതിമാസ ശമ്പള ചെലവ് 83 കോടിയിൽ നിന്ന് 50 കോടിയാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.
റിപ്പോർട്ട് പ്രകാരം 2017 മുതൽ ഏർപ്പെടുത്തിയ നിയമന നിരോധനം തുടരും. വർഷംതോറും 1500-2000 ഇടയ്ക്ക് ജീവനക്കാരാണ് കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കുന്നത്. ഇവർക്ക് പകരം നിയമനവും നിലവിൽ ഇല്ല. കെഎസ്ആർടിസിയിൽ 2017ൽ 34,966 സ്ഥിരം ജീവനക്കാരാണുണ്ടായത്.
ഇത് 2022 ജൂലായിൽ 26,036 ആയി കുറഞ്ഞു. ദീർഘദൂര ബസ് സർവീസുകളിൽ സ്ഥിരം ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്ന മൾട്ടി ഡ്യൂട്ടി സംവിധാനമാണ് ശമ്പളച്ചെലവും ജീവനക്കാരുടെ എണ്ണവും ഉയർത്തുന്നതെന്നും സ്വിഫ്റ്റിലെ ഡ്യൂട്ടി ക്രമത്തിലേക്ക് മാറുമ്പോൾ പ്രവർത്തന ചെലവ് കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കാലാവധി കഴിഞ്ഞ നിക്ഷേപമായി 490 കോടി രൂപ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ നൽകാനുണ്ടെന്നും ഇത് എത്രയും വേഗം നൽകിയില്ലെങ്കിൽ ബാങ്കിതര ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് കെടിഡിഎഫ്‌സിയെ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല പര്യടനത്തിന് ഇവർ സഞ്ചരിക്കുന്നത് കെഎസ്ആർടിസിയുടെ എസി ലോ ഫ്ലോർ ബസിലായിരിക്കും. നവംബർ 18 മുതൽ ഡിസംബർ 24 വരെ ആയിരിക്കും പര്യടനം.
ALSO READ:KSRTC CMD Biju Prabhakar: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ; പ്രമോജ് ശങ്കറിന് അധിക ചുമതല
പ്രമോജ് ശങ്കർ കെഎസ്ആർടിസി സിഎംഡി: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ കെഎസ്ആർടിസി ജോയിൻ്റ് മാനേജിങ് ഡയറക്‌ടറായ പ്രമോജ് ശങ്കറിനായിരിക്കും സിഎംഡിയുടെ അധിക ചുമതല (KSRTC CMD Biju Prabhakar On Leave). സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ 27 ദിവസത്തേക്കാണ് ചികിത്സയ്ക്കായി അവധിയിൽ പ്രവേശിച്ചത് (KSRTC CMD Biju Prabhakar On Leave).
ഗതാഗത സെക്രട്ടറിയുടെ താത്കാലിക ചുമതല കെആർ ജ്യോതിലാലിനാണ് നൽകിയത്. ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചത് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെയാണ്. കേന്ദ്ര സർവീസിൽ നിന്ന് ഡെപ്യൂട്ടേഷനിലുള്ള പ്രമോജ് ശങ്കർ അഡിഷണൽ ട്രാൻസ്പോർട്ട് കമിഷണർ എന്ന ചുമതലക്കൊപ്പമാണ് കെഎസ്ആർടിസിയുടെ ചുമതലയും നിർവഹിക്കുന്നത്.
നിലവിൽ കെഎസ്ആർടിസി, കെഎസ്ആർടിസി- സ്വിഫ്റ്റ് എന്നിവയുടെ പൂർണ ചുമതല പ്രമോജ് ശങ്കറിനായിരിക്കും. അതേസമയം ഇടതു മുന്നണിയിലെ ധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ഗതാഗത വകുപ്പ് മന്ത്രി മാറും.
ഈ സാഹചര്യത്തിൽ ബിജു പ്രഭാകർ കെഎസ്ആർടിസിയിലേക്ക് തിരിച്ചുവരുമോ എന്ന ചർച്ചയും സജീവമാണ്. 2020 ജൂൺ 15നായിരുന്നു കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ചുമതലയേൽക്കുന്നത്.