തിരുവനന്തപുരം : വിശ്വാസികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതിനായി കുറഞ്ഞ ചിലവിൽ മഹാഭാരത തീർഥാടന യാത്രയ്ക്ക് അവസരമൊരുക്കി കെഎസ്ആർടിസി. യാത്രാപ്രേമികൾക്കും തീർഥാടകർക്കും കേരളത്തിലെ പ്രശസ്‌തമായ പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കാനും ആറന്മുളയിലെ പാർഥസാരഥി ക്ഷേത്രത്തിലെ പ്രശസ്‌തമായ 'വള്ളസദ്യ'യിൽ പങ്കെടുക്കാനുമുള്ള ചിലവ് കുറഞ്ഞ അവസരമാണ് പുതിയ പാക്കേജിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
'മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥാടനം' എന്ന പേരിൽ വിവിധ ദേവസ്വങ്ങളുമായും വള്ളസദ്യയൊരുക്കുന്ന പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് തീർഥാടന യാത്ര സംഘടിപ്പിക്കുന്നത്. ബുധനാഴ്‌ചയാണ് കെഎസ്ആർടിസി മാനേജ്‌മെന്‍റ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. അതത് ഡിപ്പോകളിൽ നിന്ന് യാത്ര മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.
തൃച്ചിറ്റാട്ട് മഹാവിഷ്‌ണു ക്ഷേത്രം, പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്‌ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവര്‍ നിർമിച്ചുവെന്ന് കരുതപ്പെടുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ. പഴയ മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായി പമ്പ നദിയുടെ തീരത്താണ് എല്ലാ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അഞ്ച് വൈഷ്‌ണവ ക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു.
ഓഗസ്റ്റ് 4 മുതൽ ഒക്‌ടോബർ 9 വരെയാണ് ആറൻമുള ക്ഷേത്രത്തിൽ വള്ളസദ്യ നടക്കുക. ഈ ദിവസങ്ങളിൽ തീർഥാടക യാത്രയിൽ പങ്കെടുക്കുന്നവർക്ക് വള്ളസദ്യയിൽ പങ്കെടുക്കുന്നതിനും ചരിത്രപ്രസിദ്ധമായ ആറൻമുള കണ്ണാടിയുടെ നിർമാണം നേരിട്ട് കാണാനും സാധിക്കും. ക്ഷേത്രങ്ങളുടെ ചരിത്രം, ആചാരം, വഴിപാടുകൾ എന്നിവയുടെ വിശദമായ വിവരണം ഉൾക്കൊള്ളുന്ന ഓഡിയോ ഗൈഡും പാക്കേജിൽ ലഭ്യമാകും.
സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ടൂറുകൾ സംഘടിപ്പിക്കുകയും സ്ഥിരമായി മികച്ച വരുമാനമുണ്ടാക്കുകയും ചെയ്യുക എന്നതാണ് ഇത്തരം ബജറ്റ് പാക്കേജുകളുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി മാനേജ്മെന്‍റ് അറിയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി കെഎസ്ആർടിസി സമാനമായ ബജറ്റ് സൗഹൃദ ടൂറുകൾ സംഘടിപ്പിക്കുന്നുണ്ട്.