തിരുവനന്തപുരം: കെഎസ്ആർടിസിയുടെ(KSRTC pension issue) പെൻഷൻ വിതരണം കേരള ബാങ്കിന്‍റെ നേതൃത്വത്തിൽ പ്രാഥമിക കാർഷിക വായ്‌പാസംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് നടത്താൻ അനുമതി. ഇതിനായി സഹകരണ രജിസ്ട്രാർക്ക് സർക്കാർ അനുമതി നൽകി. ഇന്നലെയാണ് ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്.
കെഎസ്ആർടിസിയുടെ പെൻഷൻ വിതരണം ഒരു വർഷത്തേക്ക് ബാങ്ക് കൺസോർഷ്യം വഴി വിതരണം ചെയ്യാൻ തീരുമാനിച്ചതായി പെൻഷൻ കുടിശ്ശിക സംബന്ധിച്ച ഹർജിയിൽ സർക്കാർ ഹൈക്കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹകരണ വകുപ്പ് ഉത്തരവിറക്കിയത്.
ഇതോടെ സർക്കാർ വായ്‌പാസംഘങ്ങൾ, കെഎസ്ആർടിസി എന്നിവർക്കിടയിലെ ഏകോപന ഏജൻസിയായി കേരള ബാങ്ക്(Kerala Bank) പ്രവർത്തിക്കും. ഇതിൽ കേരള ബാങ്കിന്‍റെ ചുമതല കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ നിന്ന് തുക സമാഹരിച്ച് കെഎസ്ആർടിസി പെൻഷൻകാരുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് മേൽനോട്ടം വഹിക്കുക മാത്രമാണ്. പെൻഷൻകാർ കാർഷിക ക്രെഡിറ്റ് സംഘങ്ങളിൽ അക്കൗണ്ട് തുറക്കണം.
കേരള ബാങ്ക് സംസ്ഥാന സഹകരണ ബാങ്ക് ആയിരുന്ന ഘട്ടത്തിൽ കെഎസ്ആർടിസി പെൻഷൻ വിതരണത്തിനായി ബാങ്കിന് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചിരുന്നു. ഇതിന് സർക്കാർ നൽകിയ അനുമതിയുടെ കാലാവധി ഇക്കഴിഞ്ഞ ജൂണിൽ അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് കേരള ബാങ്കിന്‍റെ ഏകോപനത്തിൽ വായ്‌പാസംഘങ്ങളുടെ കൺസോർഷ്യം രൂപീകരിക്കാൻ ധാരണയായത്.
മാത്രമല്ല സർക്കാർ നൽകിയ അനുമതിയുടെ കാലാവധി ജൂണിൽ അവസാനിച്ച സാഹചര്യത്തിൽ പെൻഷൻ മുടങ്ങുന്നത് പതിവായിരുന്നു. ഗതാഗത വകുപ്പ് കഴിഞ്ഞദിവസം സംഘങ്ങളുമായുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് അംഗീകാരം നൽകുകയും ചെയ്‌തിരുന്നു.
പെൻഷൻ വിതരണം തടസപ്പെട്ടതിങ്ങനെ : ഒരു മാസത്തെ പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസിക്ക് 70 കോടി രൂപയോളം വേണം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സർക്കാറിന് ഇതിനാകുന്നില്ല. 2018ൽ കാർഷിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയാണ് പെൻഷൻ വിതരണം ചെയ്‌തിരുന്നത്. 8 ശതമാനമായിരുന്നു പലിശ നിരക്ക്. ഇത് 9.25 ശതമാനമായി ഉയർത്തണമെന്ന് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം സർക്കാർ നിരസിച്ചു. ഇതോടെയാണ് കഴിഞ്ഞ മാർച്ച് മുതൽ സഹകരണ സംഘങ്ങൾ മുഖേനയുള്ള പെൻഷൻ വിതരണം തടസപ്പെട്ടത്.
Also read: പെൻഷൻ വിതരണം വൈകുന്നു; രാപ്പകൽ സമരവുമായി കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ
ഇതിനിടെ മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണത്തിനായി ഹൈക്കോടതി നിർദേശിച്ചെങ്കിലും ധന,സഹകരണ വകുപ്പുകളും കെഎസ്ആർടിസി മാനേജ്‌മെന്‍റും തമ്മിൽ നിലനിൽക്കുന്ന പലിശ തർക്കം പെൻഷൻ വിതരണം വീണ്ടും നീളാനിടയാക്കി.
എന്ന് വരും പെൻഷൻ ? : തുക മുടങ്ങിയത് കാരണം അരലക്ഷത്തോളം വരുന്ന കെഎസ്ആർടിസി പെൻഷൻകാരുടെ ജീവിതം അവതാളത്തിലായിരുന്നു. ഇവരിൽ മാറാരോഗങ്ങളാൽ പൊറുതി മുട്ടുന്നവരും മരുന്ന് വാങ്ങാൻ പോലും പണമില്ലാത്തവരുമുണ്ട്. ഇവർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളാണ് നിഷേധിക്കപ്പെടുന്നത്. തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാൻ അധികൃതരുടെ മുന്നിൽ യാചിക്കേണ്ട അവസ്ഥയാണ് നിലവിൽ. പണം ഇനി എന്ന് വരുമെന്ന ആശങ്കയിലാണ് അതിനെ മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്ന പെൻഷൻകാർ.