തിരുവനന്തപുരം/കോഴിക്കോട്: കെഎസ്ആർടിസി നാളെ മുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കും. 206 ദീർഘദൂര സർവീസുകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആരംഭിക്കുന്നത്. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിന്നും സർവീസുകൾ ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, ഡീലക്‌സ് ബസുകളാണ് സർവീസ് ആരംഭിക്കുന്നത്. ബസിലെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കും.
അതേസമയം നാളെ മുതൽ സ്വകാര്യ ബസുകൾ സമരം തുടങ്ങും. നഷ്‌ടം സഹിച്ച് സർവീസ് നടത്താനാകില്ലെന്നും സർവീസ് നിർത്തിവെക്കുന്നതായും അറിയിച്ച് സ്വകാര്യ ബസുടമകൾ സർക്കാരിന് ജി-ഫോം നൽകി. ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ സഹായം അനുവദിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. 3000 രൂപ കലക്ഷൻ ഉണ്ടായിരുന്ന ഒരു ബസിന് 25 ശതമാനം ബസ് ചാർജ് വർധനവുണ്ടായപ്പോൾ 700 രൂപയുടെ വരുമാന വർധനവ് ഉണ്ടാകേണ്ടതാണ്. എന്നാൽ 80 ലിറ്റർ ഡീസൽ ഉപയോഗിക്കുന്ന ബസിന് 900 രൂപയോളം അധിക ചെലവ് വരുന്നതായും സ്വകാര്യ ബസുടമകൾ പറയുന്നു.