തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പള വിതരണം ആരംഭിച്ചു. ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി 74 കോടി രൂപയാണ് വേണ്ടത്. ധനവകുപ്പ് അനുവദിച്ച 30 കോടിയും എണ്ണക്കമ്പനികൾക്ക് പണം നൽകുന്നത് തത്കാലം നിര്‍ത്തിയതിലൂടെ ലഭിച്ച 10 കോടിയും 50 കോടി ഓവർ ഡ്രാഫ്റ്റ് എടുത്തുമാണ് കഴിഞ്ഞ മാസത്തെ ശമ്പളം നൽകുന്നത്.
ബുധനാഴ്‌ചക്കകം ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ധനവകുപ്പ് അനുവദിക്കുന്ന 50 കോടി ധനസഹായം കൊണ്ടും ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുത്തുമാണ് ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസത്തെ ശമ്പളത്തിനായി ഈ മാസം ധനവകുപ്പ് 30 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിനായി മാനേജ്മെന്‍റ് ബദൽ മാർഗം സ്വീകരിച്ചത്. എണ്ണക്കമ്പനികൾക്ക് ദിവസം മൂന്നു കോടിയോളം രൂപയാണ് നൽകേണ്ടത്. എന്നാൽ ശമ്പള വിതരണത്തിനായി നാലുദിവസമായി ഇത് നിര്‍ത്തിവച്ചിരിക്കുകയാണ്.
ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്നും 10 കോടി രൂപ വായ്‌പ എടുക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ തുക കിട്ടിയില്ല. 11 ശതമാനം പലിശ വേണമെന്നും സർക്കാർ ഗ്യാരന്‍റി വേണമെന്നും സഹകരണ സംഘം ആവശ്യപ്പെട്ടു. 8.5 ശതമാനം പലിശ നൽകാമെന്നാണ് മാനേജ്മെന്‍റ് നിലപാട്.
ടാർഗെറ്റ് പരീക്ഷണം: കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയിൽ പരിഹാര മാർഗവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാനേജ്മെന്‍റ്. വരുമാനത്തിൽ ടാർഗറ്റ് നിശ്ചയിച്ച് ശമ്പളം നൽകാൻ സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി. ടാർഗെറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാനാണ് പുതിയ നീക്കം.
ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗെറ്റ്. നൂറു ശതമാനം ടാർഗെറ്റ് നേടുന്ന ഡിപ്പോകളിലെ ജീവനക്കാർക്ക് അഞ്ചാം തീയതി തന്നെ ശമ്പളം നൽകും. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നിശ്ചയിച്ച ടാർഗെറ്റ് തുകയുടെ 90 ശതമാനമാണ് ഡിപ്പോയ്ക്ക് വരുമാനം ലഭിച്ചതെങ്കിൽ 90 ശതമാനം ശമ്പളം നൽകും.
കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. നിലവിൽ ധനവകുപ്പ് നൽകുന്ന സഹായത്തെ തുടർന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. എന്നാൽ തീരുമാനത്തെ തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്യുമോ എന്ന ആശങ്കയിലാണ് മാനേജ്മെന്‍റ്.