തിരുവനന്തപുരം: സഞ്ചാരം ഇഷ്‌ടപ്പെടുന്ന യാത്രക്കാർക്കിടയിൽ സൂപ്പർഹിറ്റായി മാറിയ കെഎസ്‌ആർടിസിയുടെ ഗവി ഉല്ലാസയാത്ര പാക്കേജിന് വനം വകുപ്പിൻ്റെ സിംഗിൾ ബെൽ. ഗവി ഉല്ലാസയാത്ര പാക്കേജിൽ ഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെ എല്ലാത്തിനും നിരക്ക് വർധിപ്പിച്ച കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (കെഎഫ്‌ഡിസി) നടപടിക്കെതിരെ ബദൽ മാർഗം തേടുകയാണ് കെഎസ്‌ആർടിസി. 100 രൂപയായിരുന്ന കുട്ട വഞ്ചി യാത്രയ്‌ക്ക് 150 രൂപയായും 100 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് 150 രൂപയായും 160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഊണിന് 200 രൂപയുമായി നിരക്ക് വർധിപ്പിച്ചാണ് കേരള വനം വികസന കോർപ്പറേഷൻ ഉത്തരവ് ഇറക്കിയത്.
നിരക്ക് വർധനയിൽ നിന്ന് പിന്മാറാത്ത പക്ഷം ബദൽ മാർഗം സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മാനേജ്‌മെന്‍റ്. ബോട്ട് യാത്രക്ക് പകരം ജംഗിൾ ജീപ്പ് സഫാരിയാണ് കെഎസ്‌ആർടിസി ലക്ഷ്യമിടുന്നത്. വനത്തിലൂടെ എട്ട് കിലോമീറ്റർ യാത്രയാണ് കെഎസ്‌ആർടിസി ആലോചിക്കുന്നത്. സ്വകാര്യ വ്യക്തികളാണ് ഇവിടെ ജംഗിൾ ജീപ്പ് സഫാരി നടത്തുന്നത്.
കുറഞ്ഞ നിരക്കിൽ ജീപ്പ് സഫാരി: കെഎഫ്‌ഡിസി നിരക്ക് കുറച്ചില്ലെങ്കിൽ കുറഞ്ഞ നിരക്കിൽ ജീപ്പ് സഫാരി നടത്തുന്നതിന് സ്വകാര്യ വ്യക്തികളുമായി ചർച്ച നടത്തി ഇത് പാക്കേജിൽ ഉൾപ്പെടുത്തുന്നതിനുമാണ് കെഎസ്‌ആർടിസി ആലോചിക്കുന്നത്. കൊച്ചു പമ്പയിലാണ് ബോട്ടിങ്ങും ഭക്ഷണവും. ഉച്ചയൂണ് നിരക്ക് ഗണ്യമായി വർധിപ്പിച്ച സാഹചര്യത്തിൽ ഇത് ഒഴിവാക്കും.
പകരം 130 രൂപ നിരക്കിൽ മീനും ഇറച്ചിയുമടക്കം ഉച്ചയൂണ് നൽകാൻ സ്വകാര്യ ഹോട്ടലുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു. അതും അല്ലെങ്കിൽ കൊച്ചുപമ്പയിലെ കെഎസ്‌ഇബി കാൻ്റീനിൽ ഭക്ഷണ സൗകര്യമൊരുക്കും. അതേസമയം കെഎസ്‌ആർടിസിയെ അറിയിക്കാതെ നിരക്ക് വർധിപ്പിച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബജറ്റ് ടൂറിസം സെൽ ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസ് കെ എഫ് ടി സി ഇക്കോ ടൂറിസം ഡിവിഷൻ ഡിവിഷനൽ മാനേജർക്ക് കത്ത് അയച്ചു.
കെഎഫ്‌ഡിസിയുടെ തീരുമാനം ചർച്ച ചെയ്യാതെ: ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് അപലപനീയമാണെന്ന് കുറ്റപ്പെടുത്തി. മെയ് 30 വരെയുള്ള ട്രിപ്പുകളുടെ ബുക്കിംഗ് എല്ലാ യൂണിറ്റുകളിലും എടുത്തു കഴിഞ്ഞ സാഹചര്യത്തിൽ നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുന്നതിനു മുൻപ് ഒരു യോഗം ചേരേണ്ടിയിരുന്നുവെന്നും കത്തിൽ പറഞ്ഞു. എന്നാൽ ഏപ്രിൽ 24ന് അയച്ച കത്തിൽ കെഎഫ്‌ഡിസിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് കെഎസ്‌ആർടിസി ബദൽ മാർഗം തേടുന്നത്. സ്വകാര്യ ലോബികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കെഎഫ്‌ഡിസിയുടെ കീഴിലുള്ള ഇക്കോ ടൂറിസം കമ്മിറ്റി കെഎസ്‌ആർടിസിയെ അറിയിക്കാതെ നിരക്ക് വർധിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ടൂർ പാക്കേജുകളിൽ യാത്രക്കാർ ഏറെയുള്ള പാക്കേജാണ് ഗവി ടൂർ പാക്കേജ്.
2022 ഡിസംബർ മുതൽ ഇതുവരെ 20,000 ഓളം യാത്രക്കാരെയാണ് ഈ പാക്കേജിലൂടെ ഗവിയിലേക്ക് എത്തിച്ചത്. കെഎസ്‌ആർടിസിയെ പോലും അറിയിക്കാതെ അപ്രതീക്ഷിതമായി നിരക്ക് വർധിപ്പിച്ചത് ആരുടെ താത്‌പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.