തിരുവനന്തപുരം : കെഎസ്‌ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ കുടിവെള്ള കണക്ഷൻ ജല അതോറിറ്റി വിച്ഛേദിച്ചു. കുടിശ്ശിക ഇനത്തിലുള്ള ഒൻപത് ലക്ഷം രൂപ മാനേജ്‌മെന്‍റ് അടയ്‌ക്കാത്തതിനെ തുടർന്നാണ് ജല അതോറിറ്റി ശുദ്ധ ജല കണക്ഷൻ വിച്ഛേദിച്ചത്. സംഭവത്തിന് പിന്നാലെ മാനേജ്‌മെന്‍റ് വിശദീകരണവുമായി രംഗത്തെത്തി.
ബില്‍ കൂടാൻ കാരണം ജലവിതരണ പൈപ്പിലെ ചോർച്ചയാണെന്ന് മാനേജ്‌മെന്‍റ് പറഞ്ഞു. ശുദ്ധജല കണക്ഷൻ വിച്ഛേദിച്ച സാഹചര്യത്തിൽ ഇനി വികാസ് ഭവൻ ഡിപ്പോയിലെ ജീവനക്കാർക്ക് ഏക ആശ്രയം സമീപത്തെ കുഴൽക്കിണർ മാത്രമാണ്. വികാസ് ഭവൻ ഡിപ്പോയ്‌ക്ക് പുറമെ പൊതുമരാമത്ത് വകുപ്പിന്‍റെ ഇലക്‌ട്രിക്കൽ, ബിൽഡിങ് വിഭാഗത്തിലേക്കുള്ള ശുദ്ധജല കണക്ഷനും ജല അതോറിറ്റി വിച്ഛേദിച്ചു.
2.35 ലക്ഷം രൂപയാണ് കുടിശ്ശിക ഇനത്തിൽ അടയ്‌ക്കാനുള്ളത്. ഇന്നലെ(ഒക്‌ടോബർ 25) രാവിലെ പതിനൊന്നരയോടെയാണ് ജല അതോറിറ്റി ജീവനക്കാരെത്തി കണക്ഷൻ വിച്ഛേദിച്ചത്.