തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകളെ ജീവനക്കാരായി നിയമിക്കാൻ ആലോചന. നിലവിൽ 600 ഡ്രൈവർ, കണ്ടക്‌ടർ ഒഴിവുകളാണ് സ്വിഫ്റ്റിലുള്ളത്. ഈ ഒഴിവുകളിൽ ട്രാന്‍സ്‌ജന്‍ഡേഴ്‌സിനും സ്ത്രീകൾക്കുമാണ് പ്രഥമ പരിഗണന.
ശേഷിക്കുന്ന ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക. നിലവിൽ നാല് വനിതകൾ തിരുവനന്തപുരം നഗരത്തിൽ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകൾ ഓടിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകളിലേക്കാണ് പുതുതായി സ്ത്രീകളെ നിയോഗിക്കുക.
കെഎസ്ആർടിസിയുടെ ഡീസൽ ബസിലാകും ഇവര്‍ക്ക് പരിശീലനം നൽകുക. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള വനിതകൾക്കും അപേക്ഷിക്കാം. ഹെവി ലൈസൻസുള്ളവർക്ക് 35 വയസാണ് പ്രായപരിധി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ളവർക്ക് 30 വയസും.
രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവർക്ക് നിയമനം. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. കളക്ഷൻ ബാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകും. 130 രൂപയാണ് അധിക മണിക്കൂറിന് പ്രതിഫലം.
അതേസമയം ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 800 കെഎസ്ആർടിസി ബസുകൾ അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെ എസ് ആർ ടി സി ബസുകൾ തിരക്കുകളിൽ പിടിച്ചിടാൻ പാടില്ലെന്നും അത്തരം സാഹചര്യം ഉണ്ടായാൽ പൊലീസ് മോട്ടോർ വാഹന വകുപ്പിൻ്റെ സഹായത്തോടെ വാഹനം പോകുന്നതിന് അവസരം ഒരുക്കണമെന്നും മന്ത്രി നിർദേശം നൽകി. കെഎസ്ആർടിസി ഡ്രൈവർമാർക്കും ദീർഘദൂര ബസുകളിലെ ഡ്രൈവർമാർക്കും വിശ്രമിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് കെഎസ്ആർടിസി സിറ്റി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ഓൺലൈൻ പണമിടപാട് സൗകര്യം ആരംഭിച്ചത്. ഇതിനായി ടെന്‍ഡറിലൂടെ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തതായും മാനേജ്‌മെന്‍റ് അറിയിച്ചിരുന്നു. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ടിക്കറ്റ് എടുക്കാൻ സാധിക്കും.
Also Read: ശബരിമലയിലേക്ക് ആവശ്യത്തിന് കെഎസ്‌ആര്‍ടിസി ബസുകള്‍ വിട്ടുനല്‍കും: മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍
തിരുവനന്തപുരം ജില്ലയില്‍ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവീസുകളിലുമാണ് ആദ്യ ഘട്ടത്തിൽ ഈ സംവിധാനം ഏർപ്പെടുത്തിയത്. ബസുകളുടെ ലൈവ് ലൊക്കേഷനെ കുറിച്ചുള്ള വിവരവും ചലോ ആപ്പിലൂടെ അറിയാന്‍ സാധിക്കും. ഇതിന് ആവശ്യമായ എല്ലാ ഹാർഡ്‌വെയറുകളും ഡാറ്റ അനലിറ്റിക്‌സും ഉൾപ്പടെയുള്ള ഡാറ്റ സപ്പോർട്ടും ചലോ കമ്പനി തന്നെയാകും വഹിക്കുക. കെഎസ്ആർടിസിക്ക് ഈ സേവനങ്ങൾക്ക് ഒരു ടിക്കറ്റിന് ജിഎസ്‌ടി കൂടാതെ 13.7 പൈസ മാത്രമാണ് ചെലവ് വരുന്നത്.