തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് പൊതുപണിമുടക്ക് ദിനത്തില്‍ വരുമാനത്തില്‍ വന്‍ ഇടിവ്. ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്‌ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്. പ്രതിദിനം ശരാശരി ആറ് കോടിയിലധികം രൂപ കളക്ഷന്‍ ലഭിക്കുന്നിടത്ത് 1.48 ലക്ഷം രൂപ മാത്രമാണ് പണിമുടക്ക് ദിവസം കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത്. 517 സര്‍വീസുകൾ മാത്രമാണ് പണിമുടക്ക് ദിനത്തില്‍ പ്രവര്‍ത്തിച്ചത്. കളക്ഷന്‍ ഇനത്തിലായി 1,48, 77,382 രൂപ ലഭിക്കുകയും ചെയ്‌തു.
ശബരിമല സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നതിനാല്‍ 216 സര്‍വീസുകള്‍ ശബരിമലയിലേയ്ക്കും സര്‍വീസ് നടത്തി. എന്നാല്‍ ഔദ്യോഗിക വിശദീകരണമനുസരിച്ച് കെ.എസ്.ആര്‍.ടിസിക്ക് ശബരിമല സര്‍വീസ് ഒഴികെ മറ്റ് സര്‍വീസുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല. അതായത് പണിമുടക്കിന് തലേ ദിവസം വൈകി ഓടിയെത്തിയ ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും ലഭിച്ച വരുമാനവും കൂടി ചേര്‍ന്ന കണക്കാണിത്.
സാധാരണ രാത്രി 12.30യ്‌ക്ക് ശേഷം ഓടിയെത്തുന്ന ബസുകളുടെ കണക്ക് ഇത്തരത്തില്‍ അടുത്ത ദിവസത്തെ കളക്ഷനിലാകും ചേര്‍ക്കുക. അങ്ങനെ നോക്കുമ്പോള്‍ പണിമുടക്ക് ദിവസത്തെ യഥാര്‍ത്ഥ വരുമാനം ഇതിലും താഴും. ഡിസംബര്‍ മാസം 213 കോടി റെക്കോര്‍ഡ് കളക്ഷനാണ് കെ.എസ്.ആര്‍.ടി.സി നേടിയത്. ചില ദിവസങ്ങളില്‍ എട്ട് കോടിക്കടുത്ത് കളക്ഷന്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 16 ന് 7 കോടി 91 ലക്ഷം രൂപയായിരുന്നു കളക്ഷന്‍ ലഭിച്ചത്.