തിരുവനന്തപുരം: ജൂണില്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തിൽ വൻ നഷ്ടം. 32.21 കോടി രൂപയാണ് ജൂൺ മാസത്തിലെ ആകെ വരുമാനം. 2019 ജൂണിലെ വരുമാനം 200 കോടിയായിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ തൊട്ടടുത്ത ജില്ലകളിലേയ്ക്ക് മാത്രമാണ് കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തിയിരുന്നത്. യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ കുറവും വരുമാനത്തെ കാര്യമായി ബാധിച്ചു.
1.92 കോടി യാത്രാക്കാരാണ് കഴിഞ്ഞമാസം കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്ര ചെയ്തത്. ലോക്ക്‌ഡൗണിന് മുൻപ് ദിവസവും ഏകദേശം ഇരുപത്തി ഏഴ് ലക്ഷത്തോളം യാത്രക്കാരാണ് കെ.എസ്.ആര്‍.ടി.സിയിൽ യാത്ര ചെയ്തിരുന്നത്. ജൂണിലെ അവസാന ആഴ്‌ചകളിൽ മാത്രമാണ് ഭേദപ്പെട്ട കലക്ഷൻ ലഭിച്ചത്. അവസാനത്തെ ആഴ്ചയിൽ 1.40 കോടിയായിരുന്നു വരുമാനം. ജൂണിന്‍റെ ആദ്യ ആഴ്‌ചകളിൽ 89,24346 ലക്ഷം ആയിരുന്നു വരുമാനം. കൊവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൂണിലെ ശമ്പള വിതരണത്തിനായി 69 കോടി രൂപയാണ് സർക്കാർ കെ.എസ്.ആര്‍.ടി.സിക്ക് നൽകിയത്.