തിരുവനന്തപുരം: നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകള്‍ക്ക് സാധാരണ നിരക്കിന്‍റെ ഇരട്ടിയോളം ഈടാക്കുന്നുവെന്ന മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി. മത വ്യത്യാസമില്ലാതെ 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസുകളിൽ 30 ശതമാനം അധിക നിരക്ക് അനുവദിച്ചിട്ടുണ്ടെന്ന് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ശബരിമല മണ്ഡലപൂജ കാലത്ത് കെഎസ്ആർടിസി നടത്തുന്ന സ്‌പെഷ്യൽ സർവീസിന് മാത്രമല്ല ഈ വർധനവെന്നും അധികൃതര്‍ വ്യക്തമാക്കി.
ബീമാപ്പള്ളി ഉറൂസ്, എടത്വ പള്ളിപ്പെരുന്നാൾ, മഞ്ഞണിക്കര പള്ളിപ്പെരുന്നാൾ, മാരമൺ കൺവെൻഷൻ, തൃശൂർ പൂരം, ഗുരുവായൂർ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങൾക്ക് കെഎസ്ആർടിസി നടത്തുന്ന സ്പെഷ്യൽ സർവീസുകൾക്ക് നിലവിലുള്ള നിരക്കിന്‍റെ 30 ശതമാനം അധികം വാങ്ങി സർവീസ് നടത്തുന്നുണ്ട്. പൊതു ആഘോഷങ്ങൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ സർവീസിലും 30 ശതമാനം ചാർജ് വർധനവ് നിലവിലുണ്ട്. നിലക്കൽ കെഎസ്ആർടിസി സ്റ്റേഷൻ മുതൽ പമ്പ ത്രിവേണി വരെ 22.1 കിലോമീറ്ററാണുള്ളത്. ആദ്യത്തെ രണ്ടരകിലോമീറ്ററിന് 10 രൂപയാണ് മിനിമം ചാർജ് ഈടാക്കുന്നത്.
ഈടാക്കുന്നത് യഥാര്‍ഥ നിരക്കിലും കുറവ്: നിലക്കൽ മുതൽ പമ്പ വരെ ഒന്‍പത് ഫെയർ സ്റ്റേജുകളാണ് നിലവിലുള്ളത്. ഫെയർ സ്റ്റേജുകൾക്ക് കിലോമീറ്ററിന് ഒരു രൂപയാണ് കെഎസ്ആർടിസി ഈടാക്കാറുള്ളത്. ഒന്‍പത് ഫെയർ സ്റ്റേജുകൾക്ക് ആകെ വരുന്ന 22.1 കിലോമീറ്ററിൽ നിന്ന് മിനിമം ചാർജ് ഈടാക്കുന്ന ആദ്യത്തെ രണ്ടര കിലോമീറ്റർ ദൂരം കുറച്ചുള്ള (22.1 - 2.5 = 19.6 ) ദൂരത്തിനാണ് കിലോമീറ്ററിന് ഒരു രൂപ എന്ന നിരക്കിൽ ( 19.6 x 1.0 = 19.6 രൂപ) ചാർജ് ഈടാക്കുന്നത്. ഇതടക്കം 29.6 അതായത് 30 രൂപയാണ് വരുന്നത്. ഈ മേഖല പൂർണമായും ഗാട്ട് ഏരിയയിൽ വരുന്നതിനാൽ നോർമൽ ചാർജായ 30 രൂപയുടെ 25 ശതമാനം ഗാട്ട് റോഡ് ഫെയർ ചാർജ് (ജി.ഒ 37/2020) ആയി ഈടാക്കുന്നുണ്ട്. അതായത് 7.5 രൂപ. രൂപ (മിനിമം ചാർജ്) + 30 (ഫെയർ ചാർജ്) + 7.5 രൂപ (ഗാട്ട് റോഡ് ഫെയർ ചാർജ് ) = 37.5 രൂപ നിയമപ്രകാരം റൗണ്ട് ചെയ്‌ത് 38 രൂപയാണ് ആകെ ഫെയർ.
ഈ തുകയുടെ 30 ശതമാനം തുകയാണ് ഫെസ്റ്റിവൽ ഫെയർ ആയി ഈടാക്കുന്നത്. അതായത് 38 x 30 ശതമാനം = 11.40 ഇത് കൂടി ചേർത്താൽ ആകെ ഫെയർ 49.4 ലോഫ്ലോർ നോൺ എസി ബസിന്‍റെ റൗണ്ടിങ് നിയമം ഇനം ബിആന്‍ഡ്എഫ് പ്രകാരം ടിക്കറ്റ് ചാർജ് 50 രൂപയും കൂടാതെ സെസ് ഇനത്തിൽ മൂന്ന് രൂപയും ചേർത്ത് 53 രൂപയാണ് യഥാർഥത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കേണ്ടിയിരുന്നത്. എന്നാൽ, ഈ നിരക്കിൽ നിന്ന് മൂന്ന് രൂപയോളം കുറച്ചുകൊണ്ടാണ് 50 രൂപ നിരക്കിൽ കെഎസ്ആർടിസി നിലവിൽ സർവീസ് നടത്തുന്നത്. ഇത്തരത്തിൽ 102 രൂപ ഫെയർ വാങ്ങാവുന്ന സ്ഥാനത്ത് 80 രൂപ മാത്രമാണ് എസി ബസുകൾക്ക് നിലക്കൽ പമ്പ സെക്‌ടറിൽ ഡിസ്‌ക്കൗണ്ട് നൽകി ഈടാക്കി വരുന്നതെന്നും മാനേജ്മെൻ്റ് വ്യക്തമാക്കി.