തിരുവനന്തപുരം: വേതാളത്തെ തോളത്തിട്ട പോലെ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെ ചുമക്കുന്നത് മന്ത്രി ആന്‍റണി രാജു നിർത്തണമെന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് സികെ ഹരികൃഷ്‌ണന്‍. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് ഉത്തരവിനെതിരെ ചീഫ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു ഗതാഗത മന്ത്രിക്കെതിരെ സികെ ഹരികൃഷ്‌ണന്‍റെ പരിഹാസം. മാനേജ്‌മെന്‍റിനെതിരെ പ്രതിഷേധ സൂചകമായി ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതിന്‍റെ ഉദ്‌ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
10,000 കത്തുകളാണ് ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് അയക്കുന്നത്. ശമ്പളം ഗഡുക്കളായി നൽകാനുള്ള മാനേജ്മെന്‍റ് ഉത്തരവിനെ മന്ത്രി ആന്‍റണി രാജു ന്യായീകരിച്ചതാണ് സിഐടിയുവിനെ ചൊടിപ്പിച്ചത്. ഉത്തരവിലൂടെ ബിജു പ്രഭാകർ കേരളത്തെയും സർക്കാരിനെയും വെല്ലുവിളിക്കുകയാണെന്നും കെഎസ്ആർടിസി മാനേജ്മെന്‍റ് പുറത്തിറക്കുന്ന ഉത്തരവുകളൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലെന്നും സികെ ഹരികൃഷ്ണൻ ആരോപിച്ചു.
അത്യാവശ്യമുള്ളവർക്ക് ഈ ഉത്തരവ് ഉപകാരമാകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ ന്യായീകരണം. ശമ്പളം മുഴുവനായി മതിയെന്ന് ആവശ്യപ്പെടുന്ന ജീവനക്കാർക്ക് സർക്കാർ സഹായം അനുവദിക്കുമ്പോൾ മുഴുവനായി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവ് ആരെയും ഉപദ്രവിക്കാനല്ല. ഇത് ആർക്കും ദോഷം വരുത്തില്ല. ഉത്തരവിനെതിരെ എതിര്‍പ്പ് ഉണ്ടാകുന്നതിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നും മന്ത്രി ആന്‍റണി രാജു അഭിപ്രായപ്പെട്ടിരുന്നു.
പകുതി പണം അഞ്ചാം തീയതിക്ക് മുൻപ് നൽകിയാൽ പകുതി പ്രശ്‌നം പരിഹരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ ആന്‍റണി രാജുവിനെ തള്ളി സിഐടിയു വൈസ് പ്രസിഡന്‍റ് എകെ ബാലൻ രംഗത്തെത്തി. ആന്‍റണി രാജുവിന്‍റെ നിലപാട് ഇടതുവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ ഉത്തരവിന് പിന്നിൽ മാനേജ്മെന്‍റിന് മറ്റെന്തോ അജണ്ട ഉണ്ട്. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയണമെന്നും എകെ ബാലൻ ആവശ്യപ്പെട്ടു. സിഐടിയു ഇന്ന് ആരംഭിച്ച മുഖ്യമന്ത്രിക്ക് കത്തെഴുതൽ പരിപാടിയെ കുറിച്ചും ആന്‍റണി രാജു പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് കത്തയക്കാൻ സിഐടിയുവിന് സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
നെടുമങ്ങാട് ഡിപ്പോയില്‍ ഡീസല്‍ വെട്ടിപ്പ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎസ്‌ആര്‍ടിസിയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ് നടക്കുന്നതായി പരാതി. 15,000 ലിറ്റര്‍ ഡീസല്‍ ആവശ്യമായിരിക്കെ ഡിപ്പോയിലേക്ക് 14,000 ലിറ്റര്‍ ഡീസല്‍ മാത്രമാണ് എത്തിക്കുന്നത്. മാസങ്ങളായി 1,000 ലിറ്റര്‍ ഡീസലിന്‍റെ വെട്ടിപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.
നെടുമങ്ങാട് ഡിപ്പോയിൽ എംഎസ് ഫ്യുവൽസാണ് ഡീസൽ എത്തിക്കുന്നത്. ഇന്നലെ ഡിപ്പോയിൽ എത്തിച്ച ഡീസൽ അളന്ന് നോക്കിയപ്പോഴാണ് 1000 ലിറ്ററിന്‍റെ കുറവ് കണ്ടെത്തിയത്. ജീവനക്കാര്‍ ഡീസല്‍ അളവിലെ കുറവ് കണ്ടെത്തി പരാതിപ്പെട്ടെങ്കിലും ഡിപ്പോ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാലാണ് വെട്ടിപ്പ് നടന്നതെന്നാണ് ആരോപണം. 1000 ലിറ്റർ ഡീസൽ വെട്ടിപ്പ് നടത്തിയതിലൂടെ 96,000ത്തോളം രൂപയാണ് കെഎസ്‌ആര്‍ടിസിക്ക് നഷ്‌ടം.