തിരുവനന്തപുരം : 'എയർ - റെയിൽ' എന്ന പേരില്‍ 24 മണിക്കൂർ സിറ്റി സർക്കുലർ സർവീസ് അവതരിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ഈ സർവീസ് ആരംഭിക്കുന്നത്. എട്ടാമത്തെ സർക്കുലറായാണ് പുതിയ പദ്ധതി.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക്, ഇന്‍റര്‍നാഷണൽ ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും, സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും, തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ - റെയിൽ സർവീസ്. സർവീസുകളിലേക്കായി പുതുതായി വാങ്ങിയ രണ്ട് ഇലക്ട്രിക് ബസുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. സമയക്രമം അനുസരിച്ച് അവശ്യമെങ്കിൽ കൂടുതൽ ബസുകൾ ഉപയോഗിക്കും.
ആദ്യഘട്ടത്തിൽ ഓരോ ബസ് വീതം ഓരോ മണിക്കൂറിലും രണ്ട് ടെർമിനലുകളിൽ എത്തുംവിധമാണ് ക്രമീകരിക്കുക. ക്ലോക്ക് വൈസ്, ആൻ്റി ക്ലോക്ക് വൈസുകളിൽ പുതിയ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും റൂട്ട് അന്തിമമാക്കുന്നത്. വിമാനങ്ങളുടെയും ട്രെയിനിൻ്റെയും സമയക്രമം അനുസരിച്ചാണ് 24 മണിക്കൂറുമുള്ള ഷെഡ്യൂൾ തയ്യാറാക്കുക.
രാത്രിയിൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാർ കൂടുതൽ എത്തുന്നതിനാൽ ഈ സമയത്തെ സർവീസുകൾ വിമാനത്താവളത്തിലേക്ക് മാത്രമാകും. ഈ ബസുകളിൽ തന്നെ ദീർഘദൂര സർവീസിലേക്കുള്ള ടിക്കറ്റുകൾ എടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.