തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഡ്വൈസറി ബോർഡ് വിപുലീകരിച്ചു. യാത്രക്കാരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തിയാണ് അഡ്വൈസറി ബോർഡ് വിപുലീകരിച്ചത്.
നേരത്തെ കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്‍റെ ഭാഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട പ്രൊഫസർ സുശീൽ ഖന്നയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 41 അംഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡ് രൂപീകരിച്ചത്. ഇപ്പോൾ യാത്രക്കാരുടെ പ്രതിനിധികളായി 30 പേരെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചത്.
സെൻ്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ, ഡിജോ കാപ്പൻ, കെ.സി.ചാക്കോ, പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം എന്നിവരെയും പുനസംഘടിപ്പിക്കപ്പെട്ട സമിതിയിൽ ഉൾപ്പെടുത്തി. 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും ഏഴ് പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത നാല് പേരും, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പോലീസ് വകുപ്പ് എന്നിവയിൽ നിന്നായി നാല് പേരും അഞ്ച് കെഎസ്ആർടിസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് നിലവിൽ അംഗീകരിച്ച അഡ്വൈസറി ബോർഡ്.
Also Read: ഫാസ് ടാഗിൽ പണമില്ല, കെഎസ്ആർടിസി ബസ് പാലിയേക്കര ടോളിൽ തടഞ്ഞിട്ടു, യാത്രക്കാര്‍ പെരുവഴിയിൽ
ഫാസ് ടാഗിൽ പണമില്ല: ഫാസ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി ബസ് പാലിയേക്കര ടോളിൽ (Thrissur Paliyekkara Toll Plaza) തടഞ്ഞിട്ടു. ചാലക്കുടിയിൽ നിന്ന് തൃശൂരിലേക്ക് പോയിരുന്ന ഓർഡിനറി ബസാണ് ടോൾ ബൂത്തിൽ തടഞ്ഞിട്ടത് (KSRTC bus stopped due to fastag money). ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി വന്ന ബസ് കടത്തിവിടാൻ ടോൾ അധികൃതർ തയ്യാറാകാതെ വന്നതോടെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട് ബസ് ജീവനക്കാർ കയ്യൊഴിയുകയായിരുന്നു. വയോധികരും കൈക്കുഞ്ഞുമായെത്തിയ സ്ത്രീകള്‍ ഉൾപ്പടെയുള്ള യാത്രക്കാർ വെയിൽ കൊണ്ട് വലഞ്ഞു (Passengers in trouble in ksrtc). പിന്നീട് വന്ന സ്വകാര്യ ബസുകളിലാണ് ഇവർ യാത്ര തുടർന്നത്. ഫാസ് ടാഗിൽ പണമില്ലെങ്കിൽ ഇരട്ടി തുക അടച്ചാൽ മാത്രമേ ടോൾ കടക്കാൻ കഴിയുകയുള്ളൂ. പണം അടച്ച് ടോൾ കടക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല. ഫാസ് ടാഗിൽ പണമുണ്ടോയെന്ന് പരിശോധിക്കാതെ വന്ന ബസ് ജീവനക്കാർക്കെതിരെ യാത്രക്കാർ ക്ഷുഭിതരായി. ഏത് ഡിപ്പോയിലെ ബസാണെന്ന് പോലും ജീവനക്കാർക്ക് അറിയില്ലെന്നാണ് പറഞ്ഞതെന്ന് യാത്രക്കാർ പറയുന്നു.