തിരുവനന്തപുരം: കെഎസ്എഫ്ഇ ഓഫീസുകളിലെ വിജിലൻസ് പരിശോധന വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ. രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിജിലൻസ് ആസ്ഥാനത്ത് നിന്ന് നൽകിയ റെയ്‌ഡ് ഉത്തരവ് പുറത്തുവന്നു. കെഎസ്എഫ്ഇയുടെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിൽ ക്രമക്കേടുകൾ നടക്കുന്നുവെന്നായിരുന്നു രഹസ്യാന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചത്.
ചിറ്റാളൻമാരിൽ നിന്നും പിരിക്കുന്ന ചിട്ടിയുടെ ആദ്യ ഘഡു ട്രഷറിയിലോ, ദേശസാൽകൃത ബാങ്കുകളിലോ അടയ്ക്കുന്നതിന് പകരം പണം വകമാറ്റി ചെലവഴിക്കുന്നു. ചെക്കുകളായി ലഭിക്കുന്ന തുകകൾ കെഎസ്എഫഇയുടെ അക്കൗണ്ടിൽ വന്ന ശേഷമെ ചിറ്റാളൻമാരെ നറുക്കിലും ലേലത്തിലും ഉൾപ്പെടുത്താവു എന്ന ചട്ടം ലംഘിച്ച് ചെക്ക് കിട്ടുന്നതിന് മുമ്പ് ഉൾപ്പെടുത്തുന്നു. വ്യാജ പേരുകൾ ചേർത്ത് പൊള്ള ചിട്ടികൾ നടത്തുന്നു. രണ്ട് ലക്ഷത്തിന് മുകളിൽ മാസ അടവ് വരുന്ന ചിട്ടികളിലൂടെ ചില ചിറ്റാളന്മാർ കള്ളപ്പണം വെളിപ്പിക്കുന്നതായും കണ്ടെത്തിയതായും യൂണിറ്റുകൾക്ക് കൈമാറിയ റെയ്‌ഡ് ഉത്തരവിൽ പറയുന്നു. ഇക്കാര്യങ്ങൾ എല്ലാം വിജിലൻസിന്‍റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗളിനെയും അറിയിച്ചിരുന്നു.