തിരുവനന്തപുരം : കെ.എസ്.ഇ.ബിയില്‍ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡയറക്ടർ ബോർഡ് അംഗങ്ങളും സി.പി.എം അനുകൂല ഇടത് സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും നടത്തിയ ചർച്ച പരാജയപ്പെട്ടു. അതേസമയം അനധികൃതമായി അവധിയെടുത്തെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത എക്സിക്യുട്ടീവ് എൻജിനീയർ ജാസ്മിൻ ബാനുവിന്റെ സസ്പെൻഷൻ പിൻവലിച്ചു.
ജാസ്മിൻ ബാനുവിനെ പത്തനംതിട്ട സീതത്തോടിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഓഫീസേഴ്‌സ് അസോയിയേഷൻ ബോർഡിന്‍റെ തീരുമാനം അംഗീകരിച്ചിട്ടില്ല. അസോയിയേഷൻ പ്രസിഡന്‍റ് എം.ജി സുരേഷിന്‍റെയും ജനറൽ സെക്രട്ടറി ഹരികുമാറിന്‍റെയും സസ്പെൻഷൻ പിൻവലിക്കും. ഇരുവരെയും സ്ഥലംമാറ്റാനാണ് സാധ്യത.
Also Read: കെ.എസ്.ഇ.ബി സമരക്കാരുമായി സർക്കാർ ചർച്ചയ്ക്കില്ല; പരിഹരിക്കാൻ ബോർഡിന് നിദേശം
ഡയറക്ടർ ബോർഡുമായി നടന്ന ചർച്ച പൂർണ പരാജയമാണെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഹരികുമാർ പറഞ്ഞു. തങ്ങൾക്ക് നിലപാട് ആരാഞ്ഞു. എന്നാൽ ബോർഡ് യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ചർച്ചയിൽ സി.എം.ഡി ബി.അശോക് പങ്കെടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെയർമാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദപ്രകടനം നടത്തണം, ഏകപക്ഷീയ നിലപാട് മാനേജ്മെൻറ് തിരുത്തണം, സസ്പെൻഷൻ പിൻവലിക്കണം തുടങ്ങി സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം സമരം തുടരുമെന്നും ഓഫീസേഴ്‌സ് അസോസിയേഷൻ പറഞ്ഞു. ഇതോടെ കെ.എസ്.ഇ.ബി ചെയർമാനെതിരെ നടക്കുന്ന സമരം വീണ്ടും നീളുകയാണ്.