തിരുവനന്തപുരം : സച്ചി സംവിധാനം ചെയ്‌ത് പൃഥ്വിരാജും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഒരു സീനില്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന അനില്‍ നെടുമങ്ങാട് പറയുന്ന ഒരു ഡയലോഗ് ഇങ്ങനെയാണ്.. "തല്‍ക്കാലം ഈ അയ്യപ്പൻ -കോശി സീസൺ ഒന്ന് കഴിഞ്ഞോട്ടെ"....ഈ സിനിമയും അതിലെ ഡയലോഗും പോലെയാണ് ഇപ്പോൾ കേരളത്തിലെ പ്രധാനപ്പെട്ട സർക്കാർ വകുപ്പുകൾ തമ്മിലുള്ള പോര്..
സംഗതി തുടങ്ങിവെച്ചത് മോട്ടോർ വാഹന വകുപ്പാണ്.. വയനാട്ടില്‍ കെഎസ്ഇബി വാഹനത്തിന് മോട്ടോർ വാഹനവകുപ്പിന്‍റെ എഐ കാമറ പിഴയിട്ടതോടെയാണ് പരസ്‌പരമുള്ള പോരിലേക്ക് കാര്യങ്ങൾ എത്തിയത്. കല്‍പ്പറ്റയിലെ മോട്ടോർ വാഹന വകുപ്പിന്‍റെ എഐ കാമറ പ്രവർത്തിക്കുന്ന ഓഫീസിന്‍റെ ഫ്യൂസ് ഊരിയാണ് കെഎസ്ഇബി അതിന് പ്രതികാരം തീർത്തത്.
എന്നാല്‍ അതുകൊണ്ട് കാര്യങ്ങൾ അവസാനിച്ചില്ല. വയനാട്ടില്‍ തുടങ്ങിയ പോര് കാസർകോടും കണ്ണൂരിലും ആവർത്തിച്ചു... മോട്ടോർവാഹന വകുപ്പ് ഫൈനിടും, കെഎസ്ഇബി ഫ്യൂസ് ഊരും... ഇതോടെ സംഗതി വലിയ വാർത്തയായി.
അങ്ങനെയിരിക്കുമ്പോഴാണ് കാസർകോട്ടും വയനാട്ടിലും നടന്ന 'അയ്യപ്പനും കോശിയും കളിയില്‍' ചെറിയൊരു മാറ്റം വന്നത്. സ്ഥലം തിരുവനന്തപുരം.. കഥാപാത്രങ്ങളില്‍ മോട്ടോർവാഹനവകുപ്പ് മാറി വാട്ടർ അതോറിറ്റി വന്നു. കെഎസ്ഇബിക്ക് മാറ്റമില്ല. കുടിശിക അടയ്ക്കാത്തതിന്‍റെ പേരില്‍ വാട്ടര്‍ അതോറിട്ടിയുടെ ഫ്യൂസ് കെഎസ്ഇബി ഊരി. വാട്ടര്‍ അതോറിറ്റിയുടെ തിരുവനന്തപുരം സെന്‍ട്രല്‍ സബ് ഡിവിഷനിലെ വൈദ്യുതി കണക്ഷനാണ് കെഎസ്‌ഇബി അധികൃതർ വിച്ഛേദിച്ചത്.
വാട്ടർ അതോറിറ്റിയും വിട്ടുകൊടുത്തില്ല. മൂന്നു വര്‍ഷമായി വെള്ളക്കരം കുടിശിക വരുത്തിയ പിഎംജി (തിരുവനന്തപുരം) കെഎസ്ഇബി ഓഫീസിലെ വാട്ടര്‍ കണക്ഷന്‍ ജല അതോറിട്ടി വിച്ഛേദിച്ചു. മാസം അഞ്ചു കോടിയോളം വരുമാനമുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സബ് ഡിവിഷന്‍, വാട്ടര്‍ അതോറിറ്റിയുടെ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സബ് ഡിവിഷനില്‍ രണ്ടാം സ്ഥാനത്താണ്.
2019 മുതല്‍ കെഎസ്ഇബിയുടെ പിഎംജി ഓഫീസ് വാട്ടര്‍ അതോറിറ്റിയുടെ ബില്ലടച്ചിട്ടില്ല. ഇത് പ്രകാരം ആകെ 19000 രൂപയാണ് കുടിശ്ശികയിനത്തില്‍ അടയ്‌ക്കേണ്ടത്. മീറ്റര്‍ കട്ട് ചെയ്തതിന് പിന്നാലെ വെള്ളം കുടി മുട്ടിയ കെഎസ്ഇബി കുടിശ്ശികയിനത്തില്‍ 10000 രൂപ അടയ്ക്കുകയും ചെയ്തു.
ട്രോൾ മഴ പിന്നാലെ: സംസ്ഥാനത്തെ മൂന്ന് പ്രധാന സർക്കാർ വിഭാഗങ്ങൾ വിവിധ ജില്ലകളിലായി ഫൈൻ അടപ്പിക്കുകയും ഫ്യൂസ് ഊരുകയും കണക്ഷൻ കട്ട് ചെയ്യുകയും ചെയ്യുന്ന വാർത്ത ജനങ്ങൾക്കിടയിലും ചർച്ച വിഷയമാണ്. ഇതുവരെ സാധാരണക്കാരന്‍റെ പോക്കറ്റില്‍ കയ്യിട്ടിരുന്ന വകുപ്പുകൾ സർക്കാർ ഓഫീസുകളില്‍ കയറിയിറങ്ങി പിഴയിടാക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ട്രോൾ മഴയാണ്. മോട്ടോർവാഹനവകുപ്പ് തുടങ്ങി വെച്ച പരിപാടി കെഎസ്ഇബിയും വാട്ടർഅതോറിറ്റിയും ഏറ്റെടുത്തതിന് പിന്നാലെ അടുത്തത് ആരെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. എന്തായാലും ആര് പിഴയിട്ടാലും കാശ് സർക്കാർ ഖജനാവിലേക്ക് തന്നെ...
also read: 'ഫൈനിട്ടാല്‍ ഫ്യൂസ് ഊരും', മോട്ടോർ വാഹന വകുപ്പിന് ചെക്ക് വെച്ച് കെഎസ്ഇബി (ഒരു വയനാടൻ കഥ)