തിരുവനന്തപുരം: ബിപിഎല്‍ കുടുംബങ്ങളുടെ മൂന്ന് മാസത്തെ വൈദ്യുതി ബില്‍ എഴുതിത്തള്ളണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കെഎസ്‌ഇബി ആസ്ഥാനത്തിന് മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എപിഎല്‍ കുടുംബങ്ങളുടെ അന്യായമായ വൈദ്യുതി ചാര്‍ജ് കുറക്കണം. വൈദ്യുതി ചാര്‍ജ് വര്‍ധന കൊവിഡിന്‍റെ മറവില്‍ നടന്ന പിടിച്ചുപറിയാണ്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. സര്‍ക്കാര്‍ പാവങ്ങളുടെ നെഞ്ചില്‍ നൃത്തം ചവിട്ടുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് ഷോക്കടിപ്പിച്ചു കൊല്ലുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജനങ്ങളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. അമിത വൈദ്യുതി ബില്‍ കുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ജനങ്ങളെ കുറിച്ച് ചിന്തിക്കാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
അമിത വൈദ്യുതി ബില്ലിനെതിരെ ശക്തമായ പ്രത്യക്ഷ സമരമുഖമാണ് യുഡിഎഫ് തുറന്നിരിക്കുന്നത്. ഇതിന്‍റ ഭാഗമായി ഇന്ന് വൈകിട്ട് കേരളത്തിലെ വീട്ടമ്മമാരെ സംഘടിപ്പിച്ച് യുഡിഎഫ് വൈദ്യുതി ബില്‍ കത്തിക്കും. നാളെ രാത്രി ഒമ്പതിന് ലൈറ്റ്‌സ് ഓഫ് എന്ന പേരില്‍ മൂന്ന് മിനിറ്റ് വീടുകളിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിക്കാനും യുഡിഎഫ് ആഹ്വാനം ചെയ്‌തിട്ടുണ്ട്.