തിരുവനന്തപുരം: ഫുഡ് ട്രക്കുകൾക്കും, ഷോപ്പിങ് ബസുകൾക്കും പിന്നാലെ കെ.എസ്. ആർ.ടി.സിയുടെ പാഴ്‌സൽ സർവീസും. ലോജിസ്‌റ്റിക്‌സ് സർവീസിലൂടെയാണ് ചരക്ക് കടത്ത് സേവന രംഗത്തേയ്ക്ക് കെ.എസ്. ആർ ടി.സി ചുവടുവയ്ക്കുന്നത്. റയിൽവേയുടെ മാതൃകയിൽ ടിക്കറ്റേതിര വരുമാനം വർധിപ്പിക്കുകയാണ് കെ.എസ്. ആർ.ടി.സി ലോജിസ്‌റ്റിക്‌സ് സർവീസിന്‍റെ ലക്ഷ്യം. ഇതോടെ സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവരുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്‌സലുകളും ചരക്കു നീക്കവും കെ.എസ്. ആർ.ടി.സിയും കൈകാര്യം ചെയ്യും.
ആദ്യപടിയായി അഞ്ച് വാഹനങ്ങൾ പ്രതിമാസ വാടകയിനത്തിൽ സപ്ലൈകോ ഏറ്റെടുത്തു. പരമാവധി 2500 കിലോമീറ്ററിന് 1,25000 രൂപയാണ് ബസുകൾക്ക് വാടക . അധികരിക്കുന്ന ഓരോ കിലോമീറ്ററിനും 50 രൂപ അധിക വാടകയും നിശ്ചയിച്ചിട്ടുണ്ട്. കൊവിഡിന്‍റെ ഭാഗമായി സർക്കാർ നാലു മാസത്തേയ്ക്കു കൂടി അനുവദിച്ച കിറ്റുകളുടെ വിതരണമാണ് കെ.എസ്. ആർ.ടി.സി ലോജിസ്‌റ്റിക്‌സ് വഴി സപ്ലൈകോ നടത്തുന്നത്. പി. എസ്.സി., യൂണിവേഴ്‌സിറ്റികൾ, പരീക്ഷ ഭവൻ, എന്നിവരുടെ വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ, ഉത്തരക്കടലാസ് എന്നിവ ജി.പി.എസ്. സുരക്ഷ സംവിധാനം വഴി സംസ്ഥാനത്തെവിടെയും വിതരണം ചെയ്യുന്നതിന് കെ.എസ്. ആർ.ടി.സി ലോജിസ്‌റ്റിക്‌സിന്‍റെ സേവനം പ്രയോജനപ്പെടുത്താനാകും. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി കെ.എസ്. ആർ.ടി.സി എംഡി ബിജു പ്രഭാകർ പറഞ്ഞു. ടിക്കറ്റിൽ നിന്നുള്ള വരുമാനത്തിൽ വലിയ കുറവാണ് കെ.എസ്. ആർ.ടി.സിയ്ക്ക് ഉണ്ടാകുന്നത്. കൂടാതെ ഡീസൽ, സ്പെയർ പാർട്‌സ് എന്നിവയുടെ വില വർധനവുമാണ് ടിക്കറ്റേതിര വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയെ പ്രേരിപ്പിച്ചത്.