തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ജലീലിനെ ചോദ്യം ചെയ്യുന്നതിനാൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമായ കാര്യം. കേസിൽ തീവ്രവാദ ബന്ധത്തെക്കുറിച്ചാണ് എൻഐഎ അന്വേഷിക്കുന്നത്. ജലീലിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെങ്കിൽ തുറന്നു പറയാനുള്ള രാഷ്ട്രീയ മര്യദയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. മന്ത്രിയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയ്ക്ക് മാത്രമേ ലാഘവത്തോടെ കാണാനാകൂ. വിവാദത്തിലായ മന്ത്രിമാരെ അനാവശ്യമായി ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി മന്ത്രിസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാജി വച്ചില്ലെങ്കിൽ കോൺഗ്രസ് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.