തിരുവനന്തപുരം : വടക്കഞ്ചേരിയിൽ വിദ്യാർഥികളടക്കം 9 പേർ മരിക്കാനിടയായ അപകടത്തിൽ മോട്ടോർ വാഹന വകുപ്പിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുള്ള ബസുകള്‍ക്ക് വീണ്ടും സര്‍വീസ് നടത്താന്‍ അനുവാദം നൽകുന്ന മോട്ടോര്‍ വാഹന വകുപ്പും നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതില്‍ പരാജയപ്പെട്ട മന്ത്രിയും സര്‍ക്കാരും ഒരുപോലെ കുറ്റക്കാരാണെന്ന് സുധാകരൻ പറഞ്ഞു.
വാഹനങ്ങളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു സര്‍ക്കുലറോ ഉത്തരവോ ഇറക്കിയിട്ട് കാര്യമില്ല. അവ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്ന പരിശോധനകള്‍ ഉണ്ടാകണം. തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ഒടുക്കി വീണ്ടും അതേ കുറ്റം ആവര്‍ത്തിക്കാനുള്ള അവസരം നല്‍കരുത്.
ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കിൽ ഇനിയും നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യമുണ്ടാകും. സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നാലുവരി ദേശീയപാതയില്‍ പോലും 60 മുതല്‍ 70 കിലോമീറ്റര്‍ വേഗതയാണ് നിയമപരമായി അനുവദനീയം. എന്നാല്‍ അപകടത്തില്‍പ്പെട്ട ടൂറിസ്‌റ്റ് ബസ് 97.7 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് അപകടത്തില്‍പ്പെട്ടത്.
അമിതവേഗം നിയന്ത്രിക്കാനുള്ള സ്‌പീഡ് ഗവര്‍ണര്‍ സംവിധാനം വേര്‍പെടുത്തി പായുന്ന വാഹനങ്ങളെ പിടികൂടുന്നതില്‍ നിലവിലെ പരിശോധനാസംവിധാനത്തിന്‍റെ ഗുരുതര വീഴ്‌ചയിലേയ്ക്കാണിത് വിരല്‍ ചൂണ്ടുന്നത്. ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസര്‍ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം എന്നിവ കണ്ടെത്താന്‍ എംവിഡിയുടെ നേതൃത്വത്തില്‍ രാത്രികാല സ്‌പെഷ്യല്‍ ഡ്രൈവുകള്‍ നടത്താറുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.