തിരുവനന്തപുരം: ഇന്ധന നികുതിയിൽ ഇളവു നൽകാത്ത സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ചക്രസ്‌തംഭന സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ കെപിസിസി പ്രസിഡന്‍റ് സമരം ഉദ്ഘാടനം ചെയ്‌തു. സെക്രട്ടേറിയറ്റ് മുതൽ രാജ് ഭവൻ വരെ രാവിലെ 11 മണി മുതൽ 11. 15 വരെ കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞിട്ടു.
സമരം അവഗണിച്ചാൽ പ്രതിഷേധത്തിന്‍റെ ഡോസ് കൂട്ടുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചുവെന്നും സംസ്ഥാന സർക്കാരിന് പെട്രോൾ വില കുറക്കാൻ ബാധ്യതയുണ്ടെന്നും കെ.സുധാകരൻ. ഇന്ധന നികുതി കുറക്കാതെ സർക്കാർ ഖജനാവ് വീർപ്പിക്കാൻ ശ്രമിക്കുകയാണെന്നും പട്ടിണി കിടക്കുന്നവരെ കാണാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.
മുല്ലപ്പെരിയാർ വിഷയത്തിൽ വകുപ്പ് മന്ത്രി പോലും അറിയാതെ ജനങ്ങളുടെ നെഞ്ചകം വെട്ടിപ്പൊളിക്കുന്ന തീരുമാനമാണ് പിണറായി എടുത്തതെന്നും സമരം ഉദ്ഘാടനം ചെയ്‌തുകൊണ്ട് സുധാകരൻ പറഞ്ഞു.
ചക്ര സ്‌തംഭന സമരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരത്തിൽ പങ്കെടുത്തിരുന്നില്ല. വി.ഡി സതീശൻ പങ്കെടുക്കാതിരുന്നതിനെ ന്യായീകരിച്ച കെപിസിസി പ്രസിഡന്‍റ് സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് വി.ഡി സതീശൻ പങ്കെടുക്കാതിരുന്നതെന്നും എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കണമെന്നില്ലെന്നും വിശദീകരണം നൽകി.
Also Read: ലഖിംപൂർ ഖേരി: വീണ്ടും അസംതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീം കോടതി