തിരുവനന്തപുരം: കൺസ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറായി അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന കെ.എ.രതീഷിനെ നിയമിക്കാനുള്ള തീരുമാനം ആരുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
പ്രഗല്‍ഭരും സത്യസന്ധരും സുതാര്യതയ്ക്ക് പേരുകേട്ടതുമായ നിരവധി സിവില്‍ സര്‍വീസുകാരുള്ള സംസ്ഥാനമാണ് കേരളമെന്നും അവരെയെല്ലാം മാറ്റി നിര്‍ത്തി അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടില്‍ വീണ ഉദ്യോഗസ്ഥനെ മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള തീരുമാനം കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെ ഉദ്ദേശലക്ഷ്യത്തിന്റെ ഫലമാണ്. അഴിമതിയിലും ധൂര്‍ത്തിലും മൂക്കറ്റം മുങ്ങികുളിച്ച ഒരു സര്‍ക്കാരും ഭരണനേതൃത്വവുമാണ് കേരളത്തില്‍ ഇന്നുള്ളത്. ഈ നടപടി സാമ്പത്തിക പ്രതിസന്ധിയില്‍ ശ്വാസം മുട്ടുന്ന സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്ന കൊടിയ അപരാധമാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.