തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച് കശ്‌മീരില്‍ അവസാനിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വിപുലമായ തയാറെടുപ്പുമായി കെപിസിസി. സെപ്‌റ്റംബര്‍ 11ന് പാറശാലയില്‍ പ്രവേശിക്കുന്ന യാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് കെപിസിസി തീരുമാനിച്ചിരിക്കുന്നത്.
11 മുതല്‍ 30 വരെ കേരളത്തിലെ ഒമ്പത് ജില്ലകളിലൂടെ പദയാത്ര കടന്നുപോകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലൂടെയാണ് പദയാത്ര കടന്നുപോകുക. രാഹുല്‍ഗാന്ധിക്ക് പുറമേ കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കളുള്‍പ്പെടെ 300 സ്ഥിരം അംഗങ്ങളാണ് ജാഥയ്‌ക്കൊപ്പമുണ്ടാകുക.
ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന പദയാത്രയില്‍ 10000ത്തിലധികം പേരെ ദിനംപ്രതി പങ്കെടുപ്പിക്കാന്‍ ഇന്ന് (11.08.22) കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനു പുറമേ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു മെഗാറാലി തൃശൂരില്‍ സംഘടിപ്പിക്കും.
സംസ്ഥാനത്തുടനീളമുള്ള അഞ്ച് ലക്ഷം പേരെ റാലിയില്‍ അണിനിരത്തും. ഒരു ദിവസം 24 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര സഞ്ചരിക്കുക. രാവിലെ 7.30 മുതല്‍ 10 വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയുമായിരിക്കും പദയാത്രയുടെ പ്രതിദിന സമയക്രമം. കേരളത്തിലെ പര്യടന പരിപാടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കെപിസിസി ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു.