തിരുവനന്തപുരം: സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് തീരുമാനിക്കാൻ കെപിസിസി ഉന്നത രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകുന്നതിനെ അനുകൂലിക്കണം എന്ന പൊതുധാരണയാണ് കോൺഗ്രസിനുള്ളത്. എന്നാൽ യുഡിഎഫിനുള്ളിലെ മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഘടകകക്ഷികളെ പിണക്കാതെ ഉള്ള നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ നിലപാടാണ് ഇന്നത്തെ യോഗം കൈക്കൊള്ളുക. സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസിന് അനുകൂല നിലപാടാണ് ഉള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനപത്രികയിലും സാമ്പത്തിക സംവരണം ഉൾപ്പെടുത്തിയിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ സംവരണം കുറച്ചുകൊണ്ട് സാമ്പത്തിക സംവരണം നടപ്പിലാക്കരുത് എന്ന നിലപാടാകും കോൺഗ്രസ് സ്വീകരിക്കുക. ഇതുകൂടാതെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ പ്രാദേശിക സഹകരണങ്ങൾ സംബന്ധിച്ച് ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി അടക്കമുള്ള പാർട്ടികളുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കുന്നതിൽ കോൺഗ്രസ് തീരുമാനം രാഷ്ട്രീയകാര്യ സമിതിയിൽ ഉണ്ടാകും.