തിരുവനന്തപുരം: കെ സുധാകരൻ പറയുന്നതുപോലെ സെമി കേഡറായ കോൺഗ്രസിനേക്കാൾ നല്ലത് കേഡറായ സിപിഎമ്മാണെന്ന് കെ.പി. അനിൽ കുമാർ. കോൺഗ്രസിനുള്ളിൽ ആത്മാഭിമാനത്തോടു കൂടി പൊതുപ്രവർത്തനം നടത്താൻ കഴിയില്ലെന്ന തിരിച്ചറിവാണ് സിപിഎമ്മിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം നേരിടുന്ന വെല്ലുവിളികളെ ഇന്ന് ചെറുത്തു നിർത്താൻ കഴിയുന്നത് സിപിഎമ്മിന് മാത്രമാണ്. യാതൊരുവിധ ഉപാധികളും സിപിഎമ്മിന് മുന്നിൽ വച്ചിട്ടില്ല. ഒന്നും പ്രതീക്ഷിക്കുന്നുമില്ല. പാർട്ടി പറയുന്ന എന്ത് പ്രവർത്തനവും ഏറ്റെടുക്കും. കോൺഗ്രസിനുള്ളിൽ ജനാധിപത്യമില്ല. ഇഷ്‌ടക്കാരെ ഇഷ്‌ടമുള്ളിടത്ത് വയ്ക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ് മാറി. അതുകൊണ്ടുതന്നെ കൂടുതൽ അസ്വസ്ഥർ പാർട്ടി വിടും.
രാഹുൽഗാന്ധിയുടെ ഇടപെടലുകൾ കോൺഗ്രസിന് ഗുണം ചെയ്തിരുന്നുവെങ്കിൽ രാജ്യത്ത് കോൺഗ്രസ് ഈ അവസ്ഥയിലേക്ക് എത്തില്ലായിരുന്നുവെന്നും അനിൽകുമാർ പറഞ്ഞു. എകെജി സെന്‍ററിൽ എത്തി സിപിഎം നേതാക്കൾക്കളുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു അനിൽകുമാറിൻ്റെ പ്രതികരണം.