തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം. രണ്ടരലക്ഷം രൂപ പിഴയും പ്രതികള്‍ ഒടുക്കണമെന്ന് തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ജീവിതാന്ത്യം വരെ പ്രതികള്‍ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
പിഴ തുക യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിധി പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് പ്രതിക്കൂട്ടില്‍ പ്രവേശിച്ച രണ്ട് പ്രതികളും തങ്ങള്‍ നിരപരാധികളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. യാതൊരു ശാസ്ത്രീയ പരിശോധനയും നടത്താതെയാണ് തങ്ങളെ പ്രതികളാക്കിയതെന്നും സത്യം തെളിയിക്കാന്‍ തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതികള്‍ വിളിച്ചു പറഞ്ഞു.
2018 മാര്‍ച്ച് 14നാണ് ലാത്വിയൻ സ്വദേശിയായ ലിവേഗ എന്ന വനിതയെ കാണാതായത്. തുടര്‍ന്ന് ജീര്‍ണിച്ച നിലയില്‍ മൃതദേഹം 37 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് വിദേശ യുവതിയാണെന്ന് സ്ഥിരീകരിച്ചത്.
കോവളം ബീച്ചിന് സമീപം വാഴമുട്ടത്തെ കണ്ടല്‍ക്കാടിനടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന പ്രതി ഉമേഷ് കെണിയില്‍ വീഴ്ത്തി. തുടര്‍ന്ന് സുഹൃത്തായ ഉദയകുമാറിനൊപ്പം ചേര്‍ന്ന് യുവതിയെ ലഹരി നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 376 എ (ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തല്‍), 376 ഡി (കൂട്ടബലാത്സംഗം) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.