തിരുവനന്തപുരം: പിജെ ജോസഫ് - പിസി തോമസ് എന്നിവരുടെ പാര്‍ട്ടികള്‍ ലയിച്ചത് ആർഎസ്എസ് തന്ത്രത്തിന്‍റെ ഭാഗമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ സഭയുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർച്ച വിജയിക്കില്ലെന്ന് കണ്ടപ്പോൾ പിജെ ജോസഫ് വഴി അതിന് ശ്രമിക്കുകയാണെന്നും പിജെ ജോസഫിനെ ബിജെപിയിൽ എത്തിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്ന ആർ ബാലശങ്കറിന്‍റെ ആരോപണങ്ങൾ അദ്ദേഹം തള്ളി. ഓർഗനൈസർ മുൻ പത്രാധിപർ ബാലശങ്കറിന് കേരളത്തെപ്പറ്റി അറിയാത്തതുകൊണ്ടാണ് തങ്ങൾക്കിട്ട് കുത്തിയത്. ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബിജെപിയെ തോൽപ്പിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്ന് ബാലശങ്കറിന് അറിയില്ലേയെന്നും കോടിയേരി ചോദിച്ചു.
ഇരട്ട വോട്ടുകൾ കണ്ടെത്തി ഒഴിവാക്കുകയെന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചുമതലയാണ്. സിപിഎം എവിടെയും കള്ളവോട്ട് ചേർക്കാറില്ല. ഉദുമയിലെ കുമാരിയുടെ കാര്യത്തിൽ അത് വ്യക്തമായി. താൻ കോൺഗ്രസുകാരിയാണെന്നും തന്‍റെ വോട്ട് ചേർത്തത് കോൺഗ്രസ് ആണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും അദ്ദേഹം ആരോപിച്ചു.