തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്ന് തലയൂരാന്‍ പാര്‍ട്ടി സംസ്ഥന നേതൃത്ത്വത്തില്‍ ആലോചന. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി നല്‍കി മുഖം രക്ഷിക്കാനുള്ള നീക്കമാണ് സി.പി.എം അണിയറയില്‍ ഒരുക്കുന്നത്. പകരം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന് ചുമതല നല്‍കാനാണ് ആലോചന. കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി അദ്ദേഹം ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി.
ബിനീഷ് വിഷയത്തില്‍ കോടിയേരിക്ക് കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥാനത്തു നിന്നു മാറി നില്‍ക്കുന്നതിലൂടെ ആരോപണങ്ങളുടെ മുനയൊടിക്കാമെന്ന് സി.പി.എം വിലയിരുത്തുന്നു. നവംബര്‍ ആറിനും ഏഴിനും നടക്കുന്ന അടിയന്തര നേതൃയോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആറുമാസം മുന്‍പ് സ്വയം അവധിയില്‍ പോകാന്‍ കോടിയേരി ആലോചിച്ചിരുന്നു. അന്നും എം.വി. ഗോവിന്ദനെ പകരം ചുമതല ഏല്‍പ്പിക്കാനാണ് ആലോചിച്ചിരുന്നത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവധി തീരുമാനം കോടിയേരി ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ ബിനീഷ് കോടിയേരിക്ക് ദിനം പ്രതി കുരുക്കു മുറുകി വരുന്ന പശ്ചാത്തലത്തെ പാര്‍ട്ടി ഗൗരവപൂര്‍വ്വമാണ് വിലയിരുത്തുന്നത്. മയക്കുമരുന്ന് സംഘവുമായുള്ള ബന്ധത്തിലും ഹവാല ഇടപാടിലും ബിനാമി ബിസിനസിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് ഇ.ഡിയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ദിനം പ്രതി പുറത്തു വിടുന്നത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ രാഷ്ട്രീയ വൈരം എന്ന നിലയിലേക്ക് തിരിക്കാമെന്ന പാര്‍ട്ടി തന്ത്രം തിരിച്ചടിക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. 2015ലെ പാലക്കാട് പാര്‍ട്ടി പ്ലീനത്തിലെ പെരുമാറ്റച്ചട്ടം ആയുധമാക്കി യു.ഡി.എഫും ബി.ജെ.പിയും കോടിയേരിയെ ലക്ഷ്യമിടുമ്പോള്‍ പ്രതിരോധം ദുര്‍ബ്ബലമാകുമെന്നു തന്നെ സി.പി.എം കരുതുന്നു.
പാര്‍ട്ടി അണികളില്‍ കൂടുതല്‍ അസംതൃപ്തി പടര്‍ത്തും മുന്‍പ് മുഖം രക്ഷിക്കല്‍ നടപടികളിലേക്ക് കടന്നില്ലെങ്കില്‍ തിരച്ചടിക്കുമോ എന്ന ഭയവും സി.പി.എമ്മിനുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളില്‍ കയറിയിറങ്ങുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും ബിനീഷ് വിഷയത്തെ പ്രതിരോധിക്കുക പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്തില്‍ പ്രതിക്കൂട്ടിലായ സി.പി.എമ്മിനെ ബിനീഷ് കോടിയേരി വിഷയം ശരശയ്യയിലാക്കിയെന്നു കരുതുന്ന പാര്‍ട്ടി നേതാക്കളും കുറവല്ലെന്ന് സി.പി.എം വിലയിരുത്തുന്നു.