തിരുവനന്തപുരം : കെ റെയിലിനെതിരെ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസും ബിജെപിയും രാഷ്ട്രീയ സമരമാണ് നടത്തുന്നത്. ഇതിനെ സിപിഎം രാഷ്ട്രീയമായി തന്നെ നേരിടുമെന്നും കോടിയേരി വ്യക്തമാക്കി.
കേരളത്തിൽ നന്ദിഗ്രാം സംഭവത്തിനാണ് കോൺഗ്രസ് ശ്രമം. വെടിവയ്‌പ്പ് ഉണ്ടാക്കണം. കോൺഗ്രസുകാരെ രക്തസാക്ഷികളാക്കണം. അതിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് അവരുടെ ലക്ഷ്യം. കുറച്ച് ആളുകൾ ഒരുമിച്ച് നിന്നാൽ ഒന്നും ചെയ്യാതിരിക്കാൻ സർക്കാറിന് കഴിയില്ല എന്ന സ്ഥിതി അംഗീകരിക്കാനാവില്ല.
സമരത്തിൽ സ്ത്രീകളെയടക്കം അറസ്റ്റ് ചെയുന്നത് ആദ്യ സംഭവമല്ല. പൊലീസിനെ ആക്രമിച്ചാൽ ഇടപെടലുണ്ടാകും. ക്രമസമാധാന പ്രശ്നമുണ്ടാകാതെ നോക്കേണ്ടത് പൊലീസിൻ്റെ ജോലിയാണ്. പദ്ധതി പ്രദേശത്തെ ജനങ്ങൾ സമരം ചെയ്താൽ അത് മനസ്സിലാകും. ജനങ്ങളുമായി സർക്കാർ യുദ്ധത്തിനില്ല. ഒപ്പം നിർത്തി വികസനമാണ് ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.
also read: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കുഞ്ഞുങ്ങളെ ബോധപൂര്‍വം സമര രംഗത്ത് കൊണ്ടുപോകുന്നത് കാഴ്‌ചകള്‍ സൃഷ്ടിക്കാനാണ്. കോൺഗ്രസും ബിജെപിയും ഒരുമിച്ച് സമരം ചെയ്യുകയാണ്. ബിജെപിയുമായി ചേര്‍ന്ന് സമരം ചെയ്യാം, എന്നാൽ സിപിഎമ്മിൻ്റെ സെമിനാറിൽ പോലും പങ്കെടുക്കാൻ പാടില്ല. ഇത് കോൺഗ്രസിൻ്റെ ഇരട്ടത്താപ്പാണ്.
സമരം ചെയ്ത് സർക്കാറിനെ പേടിപ്പിക്കാം എന്ന് കരുതേണ്ട. പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വികസനം വേണ്ട എന്ന് വയ്ക്കാൻ സർക്കാർ തയ്യാറല്ലെന്നും കോടിയേരി വ്യക്തമാക്കി.