തിരുവനന്തപുരം: കൊടകര കുഴല്‍പണ കേസില്‍ അന്വേഷണ സംഘം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ രാഷ്ട്രീയ പ്രമേയം കുറ്റപത്രമായി കോടതിയില്‍ നല്‍കിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മല എലിയെ പ്രസവിച്ച പോലെയാണ് കുറ്റപത്രം. കള്ളപണം ബിജെപിയുടേതാണെന്നാണ് സ്ഥാപിക്കാനാണ് ഇതിൽ ശ്രമിക്കുന്നതെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
24 സെക്കന്‍റ് ഫോണ്‍ കോളിന്‍റെ പേരിലാണ് മകനെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിലരുടെ മക്കള്‍ ഇപ്പോള്‍ ജയിലിലാണ്. അതുകൊണ്ട് തന്നെ തന്‍റെ മകനെ ഉള്‍പ്പെടുത്തിയതിന്‍റെ ഉദ്ദേശം മനസിലാക്കിയിട്ടുണ്ട്. കടലാസില്‍ ബിജെപിക്കുള്ള പണമെന്ന് എഴുതിയിട്ടു കാര്യമില്ലെന്നും തെളിവുകളാണ് വേണ്ടതെന്നും കെ സുരേന്ദ്രൻ വിശദീകരിച്ചു.
'തിരക്കഥ പോലെയുള്ള കുറ്റപത്രം നിലനിൽക്കില്ല'
മൂന്ന് മാസം സിപിഎം നേതാക്കളും പൊലീസും പണം കവര്‍ന്നത് ബിജെപിക്കാരെന്ന് പ്രചരിപ്പിച്ചു. കുറ്റപത്രത്തില്‍ ഇത് വ്യക്തമാക്കുന്നില്ല. പ്രതികളെ രക്ഷിക്കാനാണ് കുറ്റപത്രത്തിലെ ശ്രമമെന്നും ഒരു തെളിവുമില്ലാതെ തിരക്കഥ പോലെ എഴുതി ചേര്‍ത്ത കുറ്റപത്രം കോടതിയില്‍ നില്‍ക്കില്ലെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.
'നിയമപരമായി നേരിടും'
ബിജെപി ഇതിനെ ഗൗരവമായി കാണുന്നില്ലെന്നും കുറ്റപത്രം പരിശോധിച്ച ശേഷം നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കവര്‍ച്ച ചെയ്‌ത പണം ഇതുവരെ അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ല. കേസ് സംബന്ധിച്ച് ഒരു വേവലാതിയും ബിജെപിക്കില്ല. കുറ്റപത്രം തയാറാക്കുന്നതിലടക്കം നിയമ വിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കുറ്റപത്രം ലഭിച്ച ശേഷം പൊരുത്തകേടുകള്‍ നോക്കി നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
READ MORE: കൊടകര കുഴല്‍പ്പണ കേസ്: കുറ്റപത്രം സമർപ്പിച്ചു, കെ സുരേന്ദ്രനും മകനും സാക്ഷികള്‍