തിരുവനന്തപുരം : കേരളത്തിന് ലഭിക്കാനുള്ള ജിഎസ്‌ടി കുടിശ്ശികയുമായി ബന്ധപ്പെട്ട് എന്‍ കെ പ്രേമചന്ദ്രൻ എംപി പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യം വസ്‌തുതാവിരുദ്ധമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് കിട്ടാനുള്ള ജിഎസ്‌ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ലെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. യഥാർഥ പ്രശ്‌നങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി.
- " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: 'കേരളത്തിന് ജിഎസ്‌ടി കുടിശ്ശിക ഇനത്തിൽ വലിയ തുക കിട്ടാനുണ്ടെന്നും അതുകൊണ്ടാണ് കേരളത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് സെസ്സ് ഏർപ്പെടുത്തിയതെന്നുമുള്ള ശ്രീ. എന്‍ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നൽകിയ ഉത്തരവും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്‌തുതാവിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നൽകാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജിഎസ്‌ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.
തർക്കമില്ലാത്ത വിഷയങ്ങളിൽ തർക്കമുണ്ട് എന്ന് വരുത്തി യഥാർഥ പ്രശ്‌നങ്ങൾ മറച്ചുവയ്ക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലർ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശ്ശികയുടേതോ അത് അനുവദിക്കുന്നതിലെ കാലതാമസത്തിന്‍റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്‍റേതാണ്. ജിഎസ്‌ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്.
2022 ജൂണ്‍ 30ന് ജിഎസ്‌ടി നഷ്‌ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്‌ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്‌ടിച്ച പ്രതിസന്ധി മൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായും സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്‌ടം പരിഹരിക്കാൻ ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ച് വർഷം കൂടി ദീർഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുൾപ്പടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്‌ഗഡും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഡിവിസിബിൾ പൂളിൽ നിന്ന് സംസ്ഥാനത്തിന് നൽകുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000ത്തോളം കൂടി രൂപയുടെ നഷ്‌ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയർത്തുന്ന പ്രശ്‌നങ്ങൾ.
കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്‌ടി നഷ്‌ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത്. കണക്കുകളെല്ലാം കൃത്യമായി സമർപ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകൾ അതിന്‍റെ മുറയ്ക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നൽകിയതും. കേരളത്തിനര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.
- " class="align-text-top noRightClick twitterSection" data="">
ഫേസ്ബുക്ക് കുറിപ്പ് കൂടാതെ ഒരു വീഡിയോയും ധനമന്ത്രി പങ്കുവച്ചിട്ടുണ്ട്. എംപിമാർ പാർലമെന്‍റിൽ സംസ്ഥാനത്തിനുവേണ്ടി രാഷ്‌ട്രീയ ഭേദമന്യേ പ്രവർത്തിക്കണമെന്നും, അല്ലാതെ കേരളം ഉന്നയിക്കാത്ത വിഷയങ്ങൾ പാർലമെന്‍റിൽ ഉയർത്തിക്കാട്ടി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നിലപാടല്ല സ്വീകരിക്കേണ്ടതെന്നും ധനമന്ത്രി ഫേസ്ബുക്ക് വീഡിയോയിലൂടെ അഭ്യര്‍ഥിച്ചു.