തിരുവനന്തപുരം: ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് ആരാധാനാലയങ്ങള്‍ തുറക്കണമെന്ന് കെ.മുരളീധരന്‍ എം.പി. ബാറിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന് കുഴപ്പമില്ല. ആരാധനാലയങ്ങളില്‍ പോയാല്‍ കൊറോണ വരും എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ ഭക്തര്‍ ദര്‍ശനത്തിന് പോകുമെന്നും തടയാന്‍ നിന്നാല്‍ സര്‍ക്കാരിന്‍റെ കൈ പൊള്ളുമെന്നും ശബരിമല ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
പ്രാർഥിച്ച് സമാധാനം വേണ്ട, സ്‌മോള്‍ അടിച്ചുള്ള മനസമാധാനം മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും വെര്‍ച്ച്വല്‍ നിയമസഭ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും മദ്യഷാപ്പില്‍ ആളു വന്നാല്‍ കുഴപ്പമില്ല നിയമസഭയില്‍ ആളു കൂടിയാലാണ് പ്രശ്‌നമെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കം ചര്‍ച്ചകള്‍ ഒഴിവാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്ക് ദ ചെയിന്‍ എന്നാല്‍ പ്രതിപക്ഷവുമായുള്ള ബന്ധം ബ്രേക്ക് ചെയ്യലാകരുത്. പ്രതിപക്ഷത്തെ സര്‍ക്കാര്‍ കുറച്ചു കൂടി വിശ്വാസത്തിലെടുക്കണം. റെയില്‍വേ സ്റ്റോപ്പുകള്‍ വെട്ടിക്കുറയ്ക്കുന്നതിനു പകരം കൂടുതല്‍ സ്റ്റോപ്പുകള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഇക്കാര്യത്തിലുള്ള പിടിവാശി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.