തിരുവനന്തപുരം : മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎല്‍) ഗോഡൗണുകളിലെ തീപിടിത്തത്തിൽ മൗനം തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഈ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ആരോഗ്യ മന്ത്രി തയ്യാറായില്ല. ഇന്ന് തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിക്ക് ശേഷം മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മറുപടി പിന്നീടെന്നായിരുന്നു പറഞ്ഞത്.
ദിവസങ്ങളുടെ ഇടവേളയ്ക്കിടെ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ മൂന്ന് ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. കൊല്ലത്തെ ഗോഡൗണിലായിരുന്നു ആദ്യം തീപിടിച്ചത്. ബ്ലീച്ചിങ് പൗഡറില്‍ നിന്ന് തീ പടരുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി അന്ന് പറഞ്ഞിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ തിരുവനന്തപുരം കിന്‍ഫ്ര പാർക്കിലെ ഗോഡൗണിനും ആലപ്പുഴ വണ്ടാനത്തെ ഗോഡൗണിനും തീപിടിച്ചു. ഇവിടങ്ങളിലെ അഗ്‌നിബാധയ്‌ക്ക് കാരണവും ബ്ലീച്ചിങ് പൗഡർ ആണെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
പ്രവര്‍ത്തനം സുരക്ഷാസംവിധാനം ഇല്ലാതെ : വിശദമായ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞെങ്കിലും ഏത് തരത്തിലുള്ള പരിശോധനയാണ് നടക്കുന്നതെന്നും എന്തെല്ലാം പരിശോധിക്കുമെന്നും ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇതിനിടെയിലാണ് മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ ഗോഡൗണുകൾക്ക് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒന്നുമില്ലെന്ന വിവരവും പുറത്തുവന്നത്. അഗ്നിരക്ഷാസംവിധാനം അടക്കം ഒന്നും ഒരുക്കാതെയാണ് ഗോഡൗണുകൾ പ്രവർത്തിച്ചിരുന്നത്. ഫയർഫോഴ്‌സ് വിവിധ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതില്‍ എല്ലാം വ്യക്തത വരുത്താനാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം തേടിയത്. ഇക്കാര്യത്തിൽ പിന്നീട് വിശദമായി കാണാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
തിരുവനന്തപുരം കിൻഫ്ര പാർക്കിലെ തീപിടിത്തത്തിൽ ബ്ലീച്ചിങ് പൗഡറിനൊപ്പം കാലാവധി കഴിഞ്ഞ മരുന്നുകളും കത്തിനശിച്ചിരുന്നു. കൊവിഡ് കാലത്ത് മരുന്നുവാങ്ങലിലും ഗ്ലൗസ് അടക്കമുള്ള ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നുവെന്ന ആരോപണത്തിൽ ലോകായുക്തയുടെ അന്വേഷണം നടക്കുകയാണ്. ഇതിനിടയിൽ ഉണ്ടായ തീപിടിത്തങ്ങളിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ ആരോഗ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
ബ്ലീച്ചിങ് പൗഡർ തിരിച്ചെടുക്കണമെന്ന് നിര്‍ദേശം : കാരുണ്യ വഴി വാങ്ങിക്കൂട്ടിയ 700 ടൺ ബ്ലീച്ചിങ് പൗഡറാണ് സംസ്ഥാനത്തെ മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ വിവിധ ഗോഡൗണുകളിൽ കൂട്ടിയിട്ടിരിക്കുന്നത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് ഗോഡൗണുകളിലെ ബ്ലീച്ചിങ് പൗഡർ തിരികെ എടുക്കണമെന്ന് വിതരണം ചെയ്‌ത കമ്പനികളുടെ മെഡിക്കൽ സർവീസസ് കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം ആസ്ഥാനമായുള്ള പാർക്കിൻസ് എന്‍റര്‍പ്രൈസസ്, ഉത്തർപ്രദേശ് ആസ്ഥാനമായ ബങ്കെ ബിഹാരി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ടൺകണക്കിന് ബ്ലീച്ചിങ് പൗഡർ വാങ്ങിയത്.
കർശനമായ ടെൻഡർ വ്യവസ്ഥകൾ ഇല്ലാതെയും ആവശ്യമായ ഗുണനിലവാര പരിശോധന നടക്കാതെയുമാണ് ഈ വാങ്ങൽ എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ആവശ്യമായ ഗുണനിലവാര പരിശോധന നടക്കാത്ത ബ്ലീച്ചിങ് പൗഡർ ആണ് തീപിടിത്തം ഉണ്ടായ മൂന്ന് ഗോഡൗണുകളിലും സൂക്ഷിച്ചിരുന്നത്. ഇതോടെയാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ കൂടുതൽ പ്രതിരോധത്തിലായത്. സ്ഥാപനത്തിന്‍റെ ആവശ്യപ്രകാരം ചിലയിടങ്ങളിൽ നിന്ന് കമ്പനികൾ ബ്ലീച്ചിങ് പൗഡർ നീക്കം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ഇതോടെ മഴക്കാലപൂർവ ശുചീകരണത്തിന് ബ്ലീച്ചിങ് പൗഡർ ക്ഷാമം വെല്ലുവിളിയാകുന്ന സ്ഥിതിയാണുള്ളത്.