തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് വിചാരണ കോടതിക്ക് കൈമാറി. കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കടരാമന് അപകട സമയത്തെ സിസിടിവി ദൃശ്യത്തിന്‍റെ പകര്‍പ്പ് കോടതി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പ്രതിയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ദൃശ്യം കൈമാറിയത്.
സിറാജിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം ബഷീര്‍ ജോലി മടങ്ങും വഴി 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ മൂന്നിനാണ് ശ്രീറാം വെങ്കിടരാമന്‍റെ കാര്‍ നിയന്ത്രണം വിട്ട് ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയത്. ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹന നിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.