നീണ്ട ഗ്രൂപ്പ് തർക്കങ്ങൾക്കും വെട്ടിനിരത്തലുകൾക്കുമൊടുവിൽ മൂന്ന് എംഎൽഎമാരെ ഉൾപ്പെടുത്തി 16 മണ്ഡലങ്ങളിലേക്കുമുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവിൽ വടകരയിൽ കെ മുരളീധരനെ രംഗത്തിറക്കി കോൺഗ്രസ് നേതൃത്വം എതിരാളികളെയും സ്വന്തം പാര്‍ട്ടിക്കാരെയും ഞെട്ടിച്ചു. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തോടെ 20 സീറ്റുകളിലും യുഡിഎഫ് സ്ഥാനാർഥികളായി.
സിറ്റിങ് എംപിമാരുടെ മണ്ഡലങ്ങളിൽ അവർ തന്നെ മത്സരിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനമെങ്കിലും പ്രായാധിക്യത്തിൻ്റെ പേരിൽ എറണാകുളത്ത് കെ വി തോമസിനെ ആദ്യമേ കോൺഗ്രസ് ഹൈക്കമാന്‍റ് ഒഴിവാക്കിയിരുന്നു. സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകില്ലെന്നും പ്രഖ്യാപനമുണ്ടായി. എന്നാൽ അന്തിമ സ്ഥാനാർഥിപ്പട്ടികയിൽ ഈ നിബന്ധനകൾ പാലിച്ചില്ല. എറണാകുളത്ത് കെ വി തോമസിന് പകരം സിറ്റിങ് എംഎൽഎ ഹൈബി ഈഡൻ, ആറ്റിങ്ങൽ മണ്ഡലം പിടിക്കാൻ കോന്നി എംഎൽഎയും മുൻമന്ത്രിയുമായ അടൂർ പ്രകാശ്, മുല്ലപ്പള്ളി പിന്മാറിയ വടകര നിലനിർത്താൻ കരുത്തനായ വട്ടിയൂർകാവ് എംഎൽഎ കെ മുരളീധരൻ എന്നിവരെ കോൺഗ്രസ് നേതൃത്വം രംഗത്തിറക്കി.
കെസി വേണുഗോപാൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും കോൺഗ്രസിന് ബാലികേറാമലയായ കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താനുമാണ് സ്ഥാനാർഥികൾ. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ സിറ്റിങ് എംപി ആൻ്റോ ആൻ്റണി, ശബരിമല സ്ത്രീപ്രവേശന വിധിയുടെ ആദ്യ പ്രതിഷേധ വേദിയായ പന്തളം ഉൾപ്പെടുന്ന മാവേലിക്കരയിൽ സിറ്റിങ് എംപി കൊടിക്കുന്നിൽ സുരേഷ്, ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂർ എന്നിവർ ജനവിധി തേടും.
സ്ഥാനാർഥി നിർണയത്തിലൂടെ കഴിഞ്ഞതവണ കോൺഗ്രസിന് നഷ്ടമായ തൃശ്ശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ ഇത്തവണ കരുതലോടെ ആയിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. തൃശ്ശൂരിൽ ഡിസിസി പ്രസിഡന്‍റ് ടിഎൻ പ്രതാപനും ചാലക്കുടിയിൽ യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും സ്ഥാനാർഥികളായി. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്, ആലത്തൂരിൽ പുതുമുഖം രമ്യാ ഹരിദാസ്, പാലക്കാട്ട് ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠൻ, കോഴിക്കോട് സിറ്റിങ് എപി എംകെ രാഘവൻ എന്നിവരെയും സ്ഥാനാർഥികളാക്കി.
വടകരയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന് ആർഎംപിയുടെ കടുംപിടുത്തം കെ മുരളീധരന് തുണയായപോൾ അവസാനനിമിഷം വരെ എ ഐ ഗ്രൂപ്പുകൾ സീറ്റിനായി പോരാടിയ വയനാട്ടിൽ ഉമ്മൻചാണ്ടിയുടെ ഉറച്ച നിലപാട് സിദ്ദിഖിന് അനുഗ്രഹമായി. ഇടുക്കി വയനാട് സീറ്റുകളിലേക്ക് അവസാനനിമിഷം വരെ ഐ ഗ്രൂപ്പ് അവകാശവാദമുന്നയിച്ചെങ്കിലും എ ഗ്രൂപ്പ് പിടിമുറുക്കുകയായിരുന്നു. കഴിഞ്ഞതവണ നഷ്ടപ്പെട്ട കണ്ണൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് കെ സുധാകരന് വീണ്ടുമൊരു അവസരം നൽകാൻ ഹൈക്കമാന്‍റിനെ പ്രേരിപ്പിച്ചത്.