തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക ഈ മാസം 15 മുതൽ വിതരണം ചെയ്യും. 2018 ജനുവരി, ജൂലൈ മാസങ്ങളിലെ കുടിശ്ശികയാണ് വിതരണം ചെയ്യുന്നത്. പെൻഷൻകാർക്കും ജീവനക്കാർക്കും ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുന്നത് വഴി സർക്കാരിന് 1800 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും.
ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുമെന്ന കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം നടപ്പാക്കാത്തതിനെതിരെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കഴിഞ്ഞ മാസത്തെ ശമ്പളത്തോടൊപ്പം പിഎഫിൽ ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ 2018 ജനുവരി, ജൂലൈ മാസങ്ങളിലെ കുടിശികയുടെ കാര്യത്തിൽ സർക്കാർ മൗനം പാലിച്ചത് വീണ്ടും പ്രതിപക്ഷ വിമർശനത്തിനിടയാക്കി. തുടർന്നാണ് മെയ് 15 മുതൽ കുടിശ്ശിക വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചത്.
ഇതുസംബന്ധിച്ച് ധനവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി സഞ്ജീവ് കൗശിക് ഇന്ന് ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജീവനക്കാർക്ക് ക്ഷാമബത്ത പണമായി മറ്റന്നാൾ മുതൽ വിതരണം ചെയ്യാനാണ് ധനമന്ത്രിയുടെ നിർദ്ദേശം. ഇതിനായി പെൻഷൻകാർക്ക് 800 കോടിയും ജീവനക്കാർക്ക് 1000 കോടിയും കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.