തിരുവനന്തപുരം : മലപ്പുറം എടപ്പാള്‍ മേൽപ്പാലത്തിൻ്റെ ഉദ്ഘാടന വിവരം കെ.കെ ശൈലജ എംഎല്‍എയും മന്ത്രി വി.ശിവന്‍കുട്ടിയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത് സംഘപരിവാറിനെ ട്രോളിക്കൊണ്ട്. 'എടപ്പാളിലൂടെ ഇനി തടസങ്ങളില്ലാതെ ഓടാം' എന്നാണ് കെ കെ ശൈലജ എം എൽ എ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്.
എടപ്പാളില്‍ സിപിഎം പ്രവർത്തകർ വളഞ്ഞപ്പോൾ, ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തുകയായിരുന്ന ആർഎസ്എസ് പ്രവർത്തകർ ഓടി രക്ഷപ്പെട്ടത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് കെ.കെ ശൈലജയും വി.ശിവന്‍കുട്ടിയും ട്രോളാക്കിയത്.
നിരവധി കമൻ്റുകളാണ് കെ.കെ ശൈലജയുടെ പോസ്റ്റിനുതാഴെയുള്ളത്. പോസ്‌റ്റിനെ അനുകൂലിച്ചാണ് കമൻ്റുകളിൽ ഏറെയും. അതേസമയം ആരോഗ്യ വകുപ്പിനെ ശൈലജ ടീച്ചർ നമ്പർ വൺ ആക്കിയിട്ടും മുഖ്യമന്ത്രി ചികിത്സയ്ക്ക് അമേരിക്കയിൽ പോകുന്നതെന്തിന് എന്ന മട്ടിലുള്ള പരിഹാസങ്ങളും കമൻ്റായി വന്നിട്ടുണ്ട്.
'എടപ്പാളോട്ടം ഇനി മേൽപ്പാലത്തിലൂടെ' എന്നായിരുന്നു വി.ശിവന്‍കുട്ടിയുടെ പോസ്റ്റ്. ഇതിനും അനുകൂലവും പ്രതികൂലവുമായ കമൻ്റുകൾ ഉണ്ട്. വി ശിവൻകുട്ടി നിയമസഭയിൽ തുണി പൊക്കി കാണിച്ചെന്ന തരത്തിലുള്ള കമൻ്റുകളും ഇക്കൂട്ടത്തിലുണ്ട്.
ശനിയാഴ്‌ച രാവിലെ മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം നാടിന് സമർപ്പിക്കുക. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് എടപ്പാൾ മേൽപ്പാലം സാക്ഷാത്കരിച്ചത്.