തിരുവനന്തപുരം: സര്‍ക്കാര്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഒപ്പം നിന്നില്ലെങ്കിലും പരിഹസിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സര്‍ക്കാരിന് സംഭവിക്കുന്ന വളരെ ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശിച്ചാല്‍ മഹാമാരിയെ നേരിടാനാകില്ല. ഒരു മരണം പോലും ഉണ്ടാകാതിരിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകാം. പ്രതിപക്ഷം ഉത്തരവാദിത്തം നിറവേറ്റണം. ലോകം ഭയക്കുന്ന മഹാമാരിയില്‍ ഒരുമിച്ചു നില്‍ക്കണമെന്നേ പ്രതിപക്ഷത്തോടു പറയാനുള്ളൂ.
ഗള്‍ഫ് നാടുകളില്‍ നിന്ന് പതിനായിരങ്ങള്‍ മടങ്ങിവരാനിരിക്കുന്നു. അവരെയെല്ലാം പരിശോധിക്കാനാകില്ല. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് താനല്ല, മുഖ്യമന്ത്രിയാണ്. പക്ഷേ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളാകുമ്പോള്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ തനിക്ക് വിശദീകരിക്കേണ്ടിവരുമെന്നും അതു മാത്രമേ താന്‍ ചെയ്യുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ കൊറോണ സംബന്ധിച്ച അടിയന്തര പ്രമേയത്തിന്‍റെ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞു.