തിരുവനന്തപുരം: വിനോദയാത്ര കഴിഞ്ഞു മടങ്ങിയ കണ്ണൂരിലെ കോളജ് വിദ്യാർഥികൾക്ക് വിദഗ്‌ദ ചികിത്സ ലഭ്യമാക്കാൻ മന്ത്രി കെ.കെ.ശൈലജ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ചിക്കമംഗലൂരും ബംഗലൂരുവും സന്ദർശിച്ച് മടങ്ങിയവരിൽ ഒരു വിദ്യാർഥിനി മരിച്ച സാഹചര്യത്തിലാണ് തീരുമാനം.
വിദ്യാർഥിനിയുടെ മരണത്തിന് കാരണം വൈറൽ മയോകാർഡൈറ്റിസ് ആണെന്ന ഡോക്ടറുടെ നിഗമനത്തെ തുടർന്ന്
വൈറസേതാണെന്ന് കണ്ടെത്താൻ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എന്നാൽ പനിയും തലവേദനയും അനുഭവപ്പെട്ട ഏഴു കുട്ടികളെ മയോകാർഡൈറ്റിസ് സാധ്യത സംശയിച്ച് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ രക്തസാമ്പിളുകളും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം വരും വരെ വിദ്യാർഥികളെ നിരീക്ഷിക്കും. മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോട്ടം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.