തിരുവനന്തപുരം : നിയമസഭ സ്‌പീക്കറുടെ ഓഫിസിന് മുന്‍പിലുണ്ടായ കയ്യാങ്കളിക്കിടെ പരിക്കേറ്റ കെകെ രമ ഡോക്‌ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് വീണ്ടും കൈയ്‌ക്ക് പ്ലാസ്റ്ററിട്ടു. കെകെ രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പാര്‍ട്ടി, സൈബര്‍ ഇടങ്ങളിലും വ്യാപകമായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി രമ വീണ്ടും പ്ലാസ്റ്ററിട്ടത്.
ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ എത്തുകയും പഴയ പ്ലാസ്റ്റര്‍ നീക്കി പുതിയത് ഇടുകയുമാണ് ചെയ്‌തതെന്ന് കെക രമ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റേതെന്ന പേരില്‍ പ്രചരിപ്പിച്ച എക്‌സ്‌റേ വ്യാജമായിരുന്നു. ഇക്കാര്യം ഡോക്‌ടര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ ഇത് വ്യാജമാണെന്ന് അറിയാമായിരുന്നു. എക്‌സ്‌റേ ആശുപത്രിയില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും ഡോക്‌ടര്‍ അറിയിച്ചതായി കെകെ രമ വ്യക്തമാക്കി.
'സത്യം പറയാന്‍ ദേശാഭിമാനി തയ്യാറാകുമോ?' : വ്യാജമായി എക്‌സ്‌റേ നിര്‍മിച്ച് അതില്‍ തന്‍റെ പേരുകൂടി ചേര്‍ത്ത് കെട്ടിച്ചമച്ച് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സിപിഎം ഏതറ്റം വരെയും പോകും എന്നതിന് തെളിവാണിത്. താന്‍ വ്യാജമായി കൈയില്‍ പ്ലാസ്റ്ററിട്ടുവെന്ന് വാര്‍ത്ത കൊടുത്ത ദേശാഭിമാനി പത്രം ഈ സാഹചര്യത്തില്‍ സത്യം തുറന്നുപറയാന്‍ തയ്യാറാവുമോ?. 2012 മുതല്‍ താന്‍ ആസ്ഥാന വിധവയാണെന്നും വൈധവ്യം വിറ്റ് ജീവിക്കുന്നവളാണെന്നും സിപിഎം പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുകയാണ്. അതിന്‍റെ തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളെ കാണുന്നുള്ളൂ.
നിയമസഭ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചവര്‍ക്കെതിരെ സ്‌പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മ്യൂസിയം പൊലീസിനും പൊലീസ് മേധാവിക്കും സൈബര്‍ സെല്ലിനും നല്‍കിയ പരാതിയിലും നടപടി സ്വീകരിച്ചിട്ടില്ല. തുടര്‍ന്നുള്ള കാര്യങ്ങള്‍ അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രമ പറഞ്ഞു. രമയുടെ വലത് കൈക്കുഴയ്ക്കാണ് വാച്ച് ആന്‍ഡ് വാര്‍ഡുമായുള്ള പിടിവലിക്കിടെ പരിക്കേറ്റത്.
പരാതി നൽകി കെകെ രമ : സാമൂഹ്യ മാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നു എന്ന് സച്ചിൻ ദേവ് എംഎൽഎക്കെതിരെ മാര്‍ച്ച് 18ന് കെകെ രമ പരാതി നൽകിയിരുന്നു. സൈബർ സെല്ലിനും സ്‌പീക്കർക്കുമാണ് പരാതി നൽകിയത്. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കം ഉൾപ്പെടുത്തിയാണ് പരാതി.
ആദ്യമായാണ് ഒരു എംഎൽഎക്ക് എതിരെ മറ്റൊരു എംഎൽഎ സൈബർ സെല്ലിന് പരാതി കൊടുക്കുന്നത്. തന്നോട് പരിക്കിനെക്കുറിച്ച് ചോദിക്കുക പോലും ചെയ്യാതെ നിയമസഭാംഗം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ പങ്കുവച്ചെന്നും വിവിധ സമയങ്ങളിലുള്ള ഫോട്ടോകള്‍ എടുത്ത് കാണിച്ച് പ്രചാരണം നടത്തിയെന്നും രമ ആരോപിക്കുന്നു.
നിയമസഭയ്ക്ക് അകത്ത് നടന്ന സംഭവം തെറ്റായി പ്രചരിപ്പിക്കുകയാണ്. ഒരു സാമാജിക എന്ന നിലയിൽ തന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന തരത്തിൽ കള്ള പ്രചാരണം നടത്തുന്നു എന്നുമാണ് കെകെ രമയുടെ പരാതി.