തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആരവങ്ങള്‍ക്കിടെ കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. കോണ്‍ഗ്രസിലെ വയലാര്‍ രവി, സി.പി.എമ്മിലെ കെ.കെ. രാഗേഷ്, മുസ്ലിം ലീഗിലെ പി.വി. അബ്ദുള്‍ വഹാബ് എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയില്‍ നിന്ന് വിരമിച്ച സാഹചര്യത്തിലാണ് വീണ്ടും രാജ്യസഭാ തെരഞ്ഞെടുപ്പിന് അവസരമൊരുങ്ങുന്നത്. തെരഞ്ഞെടുപ്പിന് ഉടന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. നിലവില്‍ സ്ഥാനമൊഴിയുന്നവരില്‍ രണ്ടു പേര്‍ യു.ഡി.എഫ് അംഗങ്ങളും ഒരാള്‍ എല്‍.ഡി.എഫ് അംഗവുമാണെങ്കിലും നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് എല്‍.ഡി.എഫിന് രണ്ടംഗങ്ങളെ വിജയിപ്പിക്കാനാകും.
യു.ഡി.എഫിന് ഒരാളെ മാത്രമേ വിജയിപ്പിക്കാന്‍ കഴിയൂ. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്നണികള്‍ക്കിടയില്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും എല്‍.ഡി.എഫിന് ലഭിക്കാനിടെയുള്ള രണ്ടു സീറ്റുകളില്‍ ഒരെണ്ണം ഘടകകക്ഷികളില്‍ ആര്‍ക്കെങ്കിലും വിട്ടു കൊടുക്കാന്‍ സി.പി.എം തയ്യാറായേക്കും. പാലാ സീറ്റ് ജോസ് കെ.മാണിക്കു വിട്ടു കൊടുത്ത് പകരം രാജ്യസഭാ സീറ്റു നല്‍കി എന്‍.സി.പിയെ അനുനയിപ്പിക്കണമെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്. എന്നാല്‍ മാണി സി. കാപ്പന്‍ ഇതിനോട് പൂര്‍ണമായി ഇതുവരെ യോജിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രണ്ടു സീറ്റിലും സി.പി.എം മത്സരിക്കാനും സാധ്യതയുണ്ട്.
പാര്‍ലമെന്‍റില്‍ ഇടതു പാര്‍ട്ടികളുടെ സാന്നിധ്യം വര്‍ധിപ്പിക്കണമെന്ന അഭിപ്രായം പൊതുവില്‍ ശക്തമാണ്. സ്ഥാനമൊഴിഞ്ഞ കെ.കെ. രാഗേഷിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മാത്രമേ രാഗേഷിനു പകരം ഒരാളെക്കുറിച്ച് സി.പി.എം ആലോചിക്കാനിടയുള്ളൂ. രാജ്യ തലസ്ഥാനത്ത് പുരോഗമിക്കുന്ന കര്‍ഷക സമരത്തിന് ഊര്‍ജം പകരുന്നതില്‍ കെ.കെ.രാഗേഷിന്‍റെ സാന്നിധ്യം പാര്‍ട്ടിക്ക് വന്‍ തോതില്‍ ഗുണം ചെയതു എന്ന വിലയിരുത്തലാണ് സി.പി.എമ്മിനുള്ളത്. അതിനാല്‍ പാര്‍ലമെന്‍റില്‍ ഒരു തവണ കൂടി കെ.കെ. രാഗേഷിന്‍റെ സാന്നിധ്യം സി.പി.എം ഉപയോഗിച്ചേക്കും. യു.ഡി.എഫില്‍ ഒഴിവു വരുന്ന സീറ്റിനു വേണ്ടി മുസ്ലിംലീഗ് അവകാശവാദമുന്നയിക്കുമെങ്കിലും സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും.
കാലാവധി പൂര്‍ത്തിയാക്കി ഇന്നു വിരമിച്ച രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിനെ കേരളത്തില്‍ നിന്ന് പരിഗണിക്കുമെന്ന അഭിപ്രായമുണ്ടെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ജോസ്.കെ.മാണി രാജ്യസഭയില്‍ നിന്ന് രാജിവച്ച ഒഴിവുണ്ടെങ്കിലും ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാനിടയില്ല. എ.കെ. ആന്‍റണി, എളമരം കരിം, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ്, ബിനോയ് വിശ്വം എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മറ്റ് രാജ്യസഭാംഗങ്ങള്‍. ആകെ ഒൻപത് അംഗങ്ങളാണ് കേരളത്തില്‍ നിന്ന് രാജ്യസഭയിലുള്ളത്.