തിരുവനന്തപുരം: ആഴിമല കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്‍റേത് ആത്മഹത്യയെന്ന് പൊലീസ്. കേസിൽ കിരണിന്‍റെ പെണ്‍സുഹൃത്തിന്‍റെ ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ഉടൻ കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ ജൂലായ് 8നാണ് ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ നരുവാമൂട് സ്വദേശിയായ കിരണിനെ കാണാതായത്.
തിരച്ചിലിനൊടുവിൽ കുളച്ചലിനടുത്തെ ഇരയമണ്‍തുറയില്‍ കണ്ടെത്തിയത് കിരണിന്‍റെ മൃതദേഹമെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്.
വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്നുമാണ് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.
കിരണിന്‍റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കളടക്കം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കിരണിന്‍റേത് ആത്മഹത്യയാണെന്ന സ്ഥിരീകരണത്തിൽ പൊലീസ് എത്തിയിരിക്കുന്നത്.