തിരുവനന്തപുരം: ശ്രീകാര്യം ജംഗ്ഷനിലെ ഫ്ലൈഓവർ നിർമാണത്തിന്നുള്ള ആദ്യ ഗഡു തുക കിഫ്ബി കൈമാറി. ശ്രീകാര്യത്തെ ഗതാഗത കുരുക്കിന് പരിഹാരമായാണ് 135 കോടിയുടെ മേൽപ്പാല നിർമാണ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള സ്ഥലമേറ്റെടുപ്പിനായി 35 കോടി രൂപയാണ് കിഫ്ബി കേരള റാപിഡ് ട്രാൻസിറ്റ് കോർപ്പറേഷന് ആദ്യ ഗഡുമായി കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ സാന്നിധ്യത്തിൽ കിഫ്ബി ഡി.എം.ഡി വിക്രംജിത്ത് സിങ്ങ് ഐ.പി.എസ് തുക ട്രാൻസ്ഫർ ചെയ്തു.
ശ്രീകാര്യം ജംഗ്ഷനിൽ സമഗ്ര വികസനവും നിർദിഷ്ട ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകളും ഉൾക്കൊള്ളിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തലസ്ഥാന നഗരത്തിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. ഇതു കൂടാതെ മറ്റു രണ്ടു പ്രധാന പദ്ധതികളായ പട്ടം, ഉള്ളൂർ ഫ്ലൈ ഓവറുകളും യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.