തിരുവനന്തപുരം: നിർമ്മാണത്തിലെ ഗുണനിലവാരമില്ലായ്മ മൂലം കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണം നിർത്തിവയ്ക്കാൻ നിർദേശവുമായി കിഫ്ബി. നിർമാണത്തിലെ ശോചനീയ നിലവാരം ചൂണ്ടിക്കാട്ടി കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗം നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ഇവിടെ നിർമാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. അപകടത്തെ തുടർന്ന് കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയിൽ ഇടിഞ്ഞു വീണ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിർമാണത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നു. ഈ അപകടത്തിന് മുമ്പ് തന്നെ കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിങ് നിർമാണത്തിലെ ഗുരുതര പിഴവുകളും കാലതാമസവും ചൂണ്ടിക്കാട്ടി പരിശോധനാ റിപ്പോർട്ടും തിരുത്തൽ നിർദേശങ്ങളും നൽകിയിരുന്നു.
പൊതുമരാമത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചിരുന്നില്ല. ഇതേത്തുടർന്ന് ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ വിങ്ങിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിർമാണപ്രവർത്തികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അടിയന്തര നിർദേശം നൽകുകയായിരുന്നു. തുടർപരിശോധനകൾക്ക് ശേഷം കിഫ്ബി നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുമാത്രമേ ഇനി പ്രവൃത്തികൾ തുടങ്ങാവൂ എന്ന് ഇൻകെലിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമേ മറ്റ് നാല് പദ്ധതികളുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തികളും ഗുണനിലവാരം പാലിക്കാത്തതിനാൽ നിർത്തിവയ്ക്കാൻ കിഫ്ബി സ്‌റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്.